കുഴിയില്‍ വീണ ഓട്ടോയില്‍നിന്നു ഡ്രൈവര്‍ റോഡില്‍ വീണു; നിയന്ത്രണംവിട്ട ഓട്ടോ മതിലും ഗേറ്റും തകര്‍ത്തു
1576319
Thursday, July 17, 2025 12:02 AM IST
കൊല്ലപ്പള്ളി: റോഡിലെ കുഴിയില്‍ വീണ ഓട്ടോയില്‍നിന്നു തെറിച്ച് ഡ്രൈവര്‍ റോഡില്‍ വീണു. നിയന്ത്രണം വിട്ട് 20 മീറ്ററോളം തനിയെ ഓടിയ ഓട്ടോറിക്ഷ വീടിന്റെ മതിലും ഗേറ്റും തകര്‍ത്തു.
കൊല്ലപ്പള്ളി-മേലുകാവ് റോഡില്‍ കടനാട് പുളിഞ്ചുവട് കവലയ്ക്കു സമീപം ചൊവ്വാഴ്ച രാത്രി ഒന്‍പതിനായിരുന്നു അപകടം. പാലാ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊരട്ടിയില്‍ ബേബിയുടെ വീടിന്റെ ഗേറ്റാണ് തകര്‍ന്നത്.
ഈ റോഡില്‍ ഇത്തരം ചതിക്കുഴികള്‍ ഏറെയാണ്. ഈ കുഴിയില്‍ വീണ് മറ്റൊരു കാര്‍ ഏതാനും ദിവസം മുമ്പ് അപകടത്തില്‍പ്പെട്ടിരുന്നു. വാളികുളം, താബോര്‍ ജംഗ്ഷന്, എലിവാലി പള്ളിഭാഗം, കുറുമണ്ണ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരം ചതിക്കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വളരെ ആഴമുള്ള ഈ കുഴികളില്‍ മഴക്കാലമായതിനാല്‍ വെള്ളം കെട്ടിക്കിടക്കും.
ഓരോ ദിവസവും കുഴികളുടെ ആഴം കൂടിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങള്‍ കുഴികളില്‍ വീണുകഴിഞ്ഞുമാത്രമേ കുഴിയുടെ ആഴവും വ്യാപ്തിയും ഡ്രൈവര്‍മാര്‍ക്കു വ്യക്തമാകുകയുള്ളൂ. പലപ്പോഴും രാത്രികാലങ്ങളിലാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്.
അടിയന്തരമായി റോഡ് നന്നാക്കി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.