സെന്റ് തോമസ് ഓട്ടോണോമസ് കോളജില്‍ ഇഡി മാര്‍ട്ട്; പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനമാര്‍ഗവും
1576318
Thursday, July 17, 2025 12:02 AM IST
പാലാ: സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും ഹോം മെയ്ഡ്, ഹോം ഗ്രോണ്‍ ഉത്പന്നങ്ങള്‍ക്ക് വിപണനമാര്‍ഗം ഒരുക്കുന്ന ഇഡി മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം സംരംഭകത്വ മേഖലയില്‍ പരിശീലനം നല്‍കുകയും സ്വന്തം ഉത്പന്നങ്ങള്‍ക്ക് വിപണിമൂല്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇഡി മാര്‍ട്ടിന്റെ ലക്ഷ്യം.
വീടുകളില്‍ നിര്‍മിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍, ഹാന്‍ഡ്ക്രാഫ്റ്റ് ഇനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍, വീടുകളില്‍ ഉണ്ടാക്കുന്ന മധുരപലഹാരങ്ങള്‍, അച്ചാറുകള്‍, വിവിധതരം ഫലങ്ങള്‍, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയവ ഇവിടെ വിറ്റഴിക്കാനാകും. സംരംഭകത്വ വികസന ക്ലബ്ബിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഉത്പന്നങ്ങളുടെ ശേഖരണവും വിതരണവും ധനശേഖരണവും നടത്തുന്നത്.
വാട്ട്സാപ്പ് വഴി അതതു ദിവസങ്ങളില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ വിവരണവും വിദ്യാര്‍ഥികളില്‍ എത്തിക്കുന്നുണ്ട്. നിലവില്‍ എല്ലാ ബുധനാഴ്ചയുമാണ് ഇഡി മാര്‍ട്ട് പ്രവര്‍ത്തിക്കുക.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, സംരംഭകത്വ വികസന ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ജിനു മാത്യു എന്നിവര്‍ നേതൃത്വം നല്കി.