കാഞ്ഞിരപ്പള്ളി ബൈപാസ് വീണ്ടും സ്വപ്നലോകത്തേക്ക്
1576308
Wednesday, July 16, 2025 10:52 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാരുടെ സ്വപ്നപദ്ധതിയായ ബൈപാസ് വീണ്ടും സ്വപ്നലോകത്തേക്ക്. 2025ൽ ഗതാഗതക്കുരുക്കില്ലാതെ ബൈപാസിലൂടെ യാത്ര ചെയ്യാമെന്ന കാഞ്ഞിരപ്പള്ളിക്കാരുടെ പ്രതീക്ഷയാണ് വീണ്ടും അസ്ഥാനത്തായിരിക്കുന്നത്.
മാർച്ചിൽ നിർമാണം പൂർത്തീകരിക്കേണ്ട ബൈപാസാണ് ഇപ്പോൾ പാതിവഴിയിൽ കിടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ യഥാസമയം പൂർത്തീകരിക്കാത്ത കരാറുകാരനെ നിർമാണ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിക്കൊണ്ടുള്ള നോട്ടീസ് കിഫ്ബി നൽകി. നിർമാണ പ്രവർത്തനങ്ങളിൽ കാലതാമസമെടുക്കുന്നതിനാൽ നിലവിലെ കരാറുകാരനെ മാറ്റി പുതിയ കരാർ നൽകുന്നതിന് മൂന്നുമാസം സമയമെടുക്കുമെന്നാണ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചിരിക്കുന്നത്.
ശബരിമല തീർഥാടന പാത, കിഴക്കൻ മലയോര വിനോദ സഞ്ചാരപാത എന്നിവ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം എന്ന ലക്ഷ്യത്തോടെയാണ് ബൈപാസ് കൊണ്ടുവന്നത്.
നാൾവഴികൾ
2004ലാണ് കാഞ്ഞിരപ്പള്ളി ബൈപാസ് എന്ന ആശയം മുന്നോട്ടുവന്നത്. 2006-08ൽ അൽഫോൻസ് കണ്ണന്താനം എംഎൽഎ പദ്ധതിക്കായി ശ്രമങ്ങൾ ആരംഭിച്ചു. 2007ൽ പൊതുമരാമത്തുവകുപ്പ് 81.45 കോടിയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കി. 2010ൽ ജില്ലാ കളക്ടർ സംസ്ഥാന ലാൻഡ് റവന്യു കമ്മീഷണർക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ചു. 2012ൽ നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുവാദം നൽകി.
കേന്ദ്രനിയമം 2013ൽ പ്രാബല്യത്തിൽ വന്നതോടെ ഭൂമി ഏറ്റെടുക്കുന്നത് മൂന്നു വർഷത്തോളം വൈകി. 2016-17ൽ സർക്കാർ ഇടക്കാല ബജറ്റിൽ ബൈപാസിന് 20 കോടി രൂപ എംഎൽഎയുടെ അഭ്യർഥനപ്രകാരം അനുവദിച്ചു. 2016-17 ലെ റിവൈസ്ഡ് ബജറ്റിൽ കിഫ്ബി ധനസഹായത്തോടെ ബൈപാസ് നിർമാണം പൂർത്തിയാക്കാൻ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ ചുമതലപ്പെടുത്തി.
2018ൽ കിഫ്ബിയിൽനിന്ന് സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെ 78.69 കോടി രൂപ അനുവദിച്ചു. 2019ൽ ബൈപാസിന്റെ ആവശ്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുമതി ലഭിച്ചു. 2022 മേയിൽ ചട്ടപ്രകാരമുള്ള അറിയിപ്പുകൾ നൽകി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. 2023 ഡിസംബറിൽ ബൈപാസിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2024 ഫെബ്രുവരിയിൽ ആരംഭിച്ച് 2025 മാർച്ചിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ബൈപാസിന്റെ നിർമാണം ആരംഭിച്ചു. എന്നാൽ, ഇപ്പോൾ നിലച്ചിരിക്കുന്ന ബൈപ്പാസ് 2025ൽ പൂർത്തീകരിക്കുമോ എന്ന ആശങ്കയിലാണ് കാഞ്ഞിരപ്പള്ളിക്കാർ.
നിർമാണം പാതിവഴിയിൽ
ദേശീയപാത 183ല്‍ പഞ്ചായത്ത് പടിക്കല്‍നിന്ന് ആരംഭിച്ച് ചിറ്റാര്‍ പുഴയ്ക്കും മണിമല റോഡിനും കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ദേശീയപാതയ്ക്ക് സമീപമുള്ള ആദ്യത്തെ തൂണിന്റെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചിരുന്നു. നാല് പില്ലറുകളിലായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നത്.
നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും റോഡ് വെട്ടിയിരുന്നു. ദേശീയപാതയിൽ നിന്നു ബൈപാസിലേക്കു തിരിയുന്ന പഞ്ചായത്ത് ഓഫീസിനു മുന്പിൽ റൗണ്ടാന നിർമിക്കാനായി മണ്ണും മാറ്റിയിരുന്നു. ഇവിടെനിന്നാണ് മണിമല റോഡിനും ചിറ്റാർപുഴയ്ക്കും മീതെയുള്ള മേൽപ്പാലം നിർമിക്കുന്നത്. ബൈ പാസ് അവസാനിക്കുന്ന ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ടാറിംഗ് ജോലികളുടെ ഭാഗമായി മെറ്റൽ നിരത്തുന്ന പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്ന ബൈപ്പാസ് എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതിനു പിന്നിൽ സ്ഥലം എംഎൽഎയുടെ അനാസ്ഥയാണെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കുന്നതിന് കരാർ കമ്പനിക്കെതിരേ എംഎൽഎ ഉൾപ്പെടെയുള്ളവർ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനു വേണ്ടിയാണ്. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന കരാർ കമ്പനിയുടെ പരാതികൾ വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന എംഎൽഎയുടെ പ്രസ്താവന നിർമാണം അട്ടിമറിക്കാൻ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിർമാണ കരാർ എടുത്ത കമ്പനി ക്രമക്കേടുകൾ കാണിച്ചതിനാൽ അവരെ പറഞ്ഞുവിട്ടുവെന്ന എംഎൽഎയുടെ വാദം വാസ്തവവിരുദ്ധമാണ്.
കമ്പനി തന്നെ നിർമാണം പാതിവഴിയിൽ ഉപേഷിച്ച് നാടുവിട്ടതിന് കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾ സാക്ഷികളാണ്. നാലു മാസം മുന്‍പുതന്നെ ക്രമക്കേടുകൾ കണ്ടുപിടിച്ച് കമ്പനിയെ പാറ പൊട്ടിക്കുന്നതിൽനിന്നു വിലക്കിയെന്നു പറയുന്ന എംഎൽഎ ഇത്രയും നാൾ എന്തുകൊണ്ട് ക്രമക്കേട് മൂടിവച്ചുവെന്ന് വ്യക്തമാക്കണം. ബൈപാസ് നിർമാണം അട്ടിമറിക്കുന്നതിനെതിരേ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കുകയാണെന്നും ആദ്യഘട്ടമായി നാളെ വൈകുന്നേരം നാലിന് കരാറുകാരൻ നിർമാണം നിർത്തിയ പഞ്ചായത്ത് ഓഫീസ് പടിക്കലെ പില്ലറുകളിൽ റീത്ത് വച്ച് പ്രതിഷേധിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രഫ. റോണി കെ. ബേബി, വി.എസ്. അജ്മൽ ഖാൻ, ബിജു പത്യാല, ജോയി മുണ്ടാംപള്ളി എന്നിവർ പങ്കെടുത്തു.