ചങ്ങനാശേരി-ഹൈറേഞ്ച് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു
1576579
Thursday, July 17, 2025 7:19 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നു ഹൈറേഞ്ച് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ റദ്ദുചെയ്യുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണ് അര ഡസനോളം സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. രാവിലെ 9.20ന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെട്ടിരുന്ന കുമളി-നെടുങ്കണ്ടം, ഉച്ചകഴിഞ്ഞ് 3.10നുള്ള മുരിക്കാശേരി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ് അകാരണമായി ഏറ്റവും ഒടുവില്‍ നിര്‍ത്തലാക്കിയ സര്‍വീസുകള്‍.
രാവിലെ 9.20നുള്ള സര്‍വീസ് കുമളിയിലെത്തി അവിടെനിന്നു നെടുങ്കണ്ടത്തിനു പോയിരുന്നു. കുമളിയില്‍നിന്നും ബസ് സര്‍വീസുകള്‍ കുറവുള്ള കമ്പംമെട്ട്, കരുണാപുരം, ബാലന്‍പിള്ളസിറ്റി, തൂക്കുപാലംവഴി നെടുങ്കണ്ടത്തിനു സര്‍വീസ് നടത്തിയിരുന്ന ഈ ബസിനു നല്ല കളക്ഷന്‍ ലഭിച്ചിരുന്നു. വിവിധ സ്കൂളുകളിലെ അധ്യാപകര്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഉപകാരപ്പെട്ടിരുന്നു.
ഈ സര്‍വീസിനു പകരം ചങ്ങനാശേരിയില്‍നിന്ന് ഉച്ചയ്ക്ക് 12.50ന് കുമളിക്കു മാത്രമായി സര്‍വീസ് ഇപ്പോള്‍ അയയ്ക്കുന്നുണ്ട്. എന്നാല്‍ ഈ സര്‍വീസിനു പറയത്തക്ക കളക്ഷന്‍ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 3.10നുള്ള മുരിക്കാശേരി സര്‍വീസ് എന്തിനാണ് നിര്‍ത്തലാക്കിയതെന്ന് അധികൃതര്‍ക്ക് ഉത്തരമില്ല.
കോവിഡ്: സര്‍വീസുകള്‍ പുനരാരംഭിച്ചില്ല
കോവിഡ്കാലത്ത് നിര്‍ത്തലാക്കിയ രാവിലെ 6.10നുള്ള മുണ്ടക്കയം, 6.20നുള്ള കട്ടപ്പന, 7.30നുള്ള മുണ്ടക്കയം സര്‍വീസുകളും പുനരാരംഭിക്കുന്ന കാര്യത്തില്‍ ഡിപ്പോ അധികൃതര്‍ നിസംഗനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാവിലെ 8.40ന് നടത്തിയിരുന്ന കുമളി സര്‍വീസ് ആറുമാസംമുമ്പും 8.10നുള്ള മുണ്ടക്കയം സര്‍വീസ് ഒന്നരമാസം മുമ്പും നിര്‍ത്തിയിരുന്നു.
കളക്ഷന്‍ കുറവായതിന്റെ പേരിലാണ് ഹൈറേഞ്ച് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതെന്നാണ് ഡിപ്പോ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ചില സ്വകാര്യ ബസ് സര്‍വീസുകളെ സഹായിക്കാനാണിതെന്നകാര്യം തെളിവുസഹിതം പുറത്തകൊണ്ടുവരുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും യാത്രക്കാരും പറഞ്ഞു.