പുലി വന്നില്ല; ചാത്തൻതറയിൽ നിരീക്ഷണം തുടരുന്നു
1576309
Wednesday, July 16, 2025 10:52 PM IST
മുക്കൂട്ടുതറ: വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീണില്ല. പ്രദേശത്ത് പട്രോളിംഗും നിരീക്ഷണവും തുടരുന്നു.
കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചപ്പോൾ ജനക്കൂട്ടം ഉണ്ടായിരുന്നതിനെത്തുടർന്ന് മനുഷ്യ ഗന്ധം മൂലമാകാം സ്ഥലത്തേക്ക് പുലി എത്താഞ്ഞതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇന്നും നാളെയും പുലിയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തേക്കുള്ള വഴി അടച്ച് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
കൂട് സ്ഥാപിച്ച ഭാഗത്ത് നിരീക്ഷണ കാമറകൾ വച്ചിട്ടുണ്ട്. കാമറകളിലെ ദൃശ്യങ്ങൾ അടുത്ത ദിവസം പരിശോധിക്കുമെന്നും വന്യജീവി സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന് ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കുമെന്നും റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. വനംവകുപ്പിന്റെ 40 അംഗ സംഘമാണ് പട്രോളിംഗ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശേരിപ്പാറ എക്സ്-സർവീസ്മെന്റെ റബർത്തോട്ടത്തിലാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. ഇതേത്തുടർന്ന് പുലിയെ പിടികൂടാൻ കൂട് വയ്ക്കുകയായിരുന്നു. വെച്ചൂച്ചിറ പഞ്ചായത്ത് പരിധിയിൽ പറമ്പുകളിലെ കാട് തെളിക്കൽ ആരംഭിച്ചു. റബർത്തോട്ടങ്ങളിൽ കാടുകൾ വളർന്നത് വന്യജീവികൾക്ക് താവളമാക്കാൻ അവസരമായ നിലയിലായിരുന്നു.