വാഗ്ദാനങ്ങൾ നടപ്പായില്ല; പന്നഗംതോട് നാശത്തിലേക്ക്
1532921
Friday, March 14, 2025 7:08 AM IST
മറ്റക്കര: ഓരോ വർഷകാലത്തും പന്നഗം തോട് വാർത്തകളിൽ നിറയും ഒപ്പം വാഗ്ദാനങ്ങളും. മഴ കുറയുന്നതോടെ പന്നഗം വറ്റിവരളും വാഗ്ദാനങ്ങളും നിലയ്ക്കും. നീണ്ട എട്ട് വർഷമായി മറ്റക്കരയിലെ പ്രധാന ചർച്ച ഇതാണ്. ഒരു നാടിന്റെ ജീവനാഡിയായിരുന്ന പന്നഗം അകാല മൃത്യുവിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മറ്റക്കര നിവാസികൾക്കും ജനപ്രതിനിധികൾക്കും അറിയാം.
പക്ഷേ കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ ഇവർക്ക് കഴിയുന്നുള്ളൂ. കൂരോപ്പട, പള്ളിക്കത്തോട്, അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിലൂടെ 30 കിലോമീറ്ററുകളോളം ഒഴുകി മീനച്ചില്ലാറ്റിൽ പതിക്കുന്ന ഒരു ആറിനോളം പ്രാധാന്യമുള്ള പ്രധാന തോടാണ് പന്നഗം തോട്. സമതല പ്രദേശങ്ങളിലൂടെ ഈ തോട് കൂടുതൽ സഞ്ചരിക്കുന്നത് മറ്റക്കരയിലൂടെയാണ്.
അശാസ്ത്രീയ തടയണകൾ നീക്കണം
കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി വർഷകാലത്ത് മറ്റക്കരയിൽ പന്നഗം മിന്നൽ പ്രളയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പേരുടെ കൃഷി, വീട്, വീട്ടുസാധനങ്ങൾ, വാഹനങ്ങൾ എന്നിവ ഈ പ്രളയത്തിൽ പെട്ടതുമാണ്. മിന്നൽ പ്രളയങ്ങൾക്ക് കാരണം തേടി എംഎൽഎ, ഇറിഗേഷൻ അധികൃതർ, ജനപ്രതിനിധികൾ, പ്രാദേശിക ഭരണകൂടങ്ങൾ, സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവർ പലതവണ പന്നഗത്തിന്റെ വിവിധ പ്രദേശങ്ങൾ സഞ്ചരിച്ചു. തോട്ടിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന തടയണകൾ ഇത്തരം പ്രളയങ്ങൾക്ക് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.
മറ്റക്കര പടിഞ്ഞാറെ പാലം ഭാഗത്ത് നിർമിച്ച തടയണ ഇത്തരം മിന്നൽപ്രളയത്തിന് മുഖ്യകാരണമായി വിലയിരുന്നു. കൂടാതെ തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും ഇത്തരം പ്രളയത്തിന് ആക്കം കൂട്ടികൊണ്ടിരുന്നു. എന്നിട്ടും വർഷം ഇത്രയായിട്ടും ഇവ പരിഹരിക്കുന്നതിന് യാതൊരുവിധ നടപടിയും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
ആഴം വീണ്ടെടുക്കണം
ഇന്ന് പന്നഗത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. സ്ഥലത്തെ പ്രധാന തടയണകളായ പടിഞ്ഞാറെ പാലം, ചുവന്ന പ്ലാവ് തടയണകൾ മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നു. ഇവിടുത്തെ മണ്ണും ചെളിയും മാലിന്യങ്ങളും വാരി മാറ്റുന്നതിനോ പ്രളയകാരണങ്ങൾ പരിഹരിക്കുന്നതിനോ യാതൊരു നടപടിയും ഒരു വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കഴിഞ്ഞ മഴയ്ക്ക് പന്നഗം തോട്ടിൽ പടിഞ്ഞാറെ പാലത്തിൽ വന്നടിഞ്ഞ മാലിന്യങ്ങൾ ഇപ്പോഴും പാലത്തിൽ തടഞ്ഞ് കിടക്കുകയാണ്. പ്രദേശത്ത് മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ അവശിഷ്ടങ്ങൾ തുടങ്ങി നിരവധി മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. മണ്ണും ചെളിയും നിറഞ്ഞ് തോടിന്റെ ആഴവും വീതിയും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വർഷകാലത്ത് തോട്ടിൽ വന്നടിഞ്ഞ പാഴ്മരങ്ങൾ പോലും നീക്കാൻ ശ്രമങ്ങൾ നടന്നില്ല.
പാലം പുതുക്കിപ്പണിയണം
ചപ്പാത്ത് രീതിയിലുള്ള പടിഞ്ഞാറെ പാലം വർഷങ്ങളുടെ പഴക്കമുള്ളതാണ്. കമ്പികൾ ദ്രവിച്ചും പാലത്തിന്റെ ഭാഗങ്ങളും തൂണും വരെ തകർന്നു തുടങ്ങിയിട്ടും കണ്ട മട്ടില്ല.
മണൽ-പാദുവ റോഡിലെ പടിഞ്ഞാറെ പാലം ഉയരം കൂട്ടി പുതുക്കി പണിതാൽ മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്നതിനും സഹായമാകും. പന്നകം തോട് സംരക്ഷണത്തിന് ആവശ്യമായ പദ്ധതികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.