പാതയോര സൗന്ദര്യവത്കരണത്തിന് തൊഴിലാളികളുടെ പിന്തുണ
1515402
Tuesday, February 18, 2025 4:49 AM IST
കോട്ടയം: ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന് ജില്ലാ ഭരണകൂടം തയാറാക്കുന്ന പദ്ധതിക്ക് പിന്തുണയുമായി വിവിധ ട്രേഡ് യൂണിയനുകൾ. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗമാണ് പദ്ധതിക്കു പൂർണപിന്തുണ അറിയിച്ചത്.
പാതയോരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനും മാലിന്യവിമുക്തമാക്കുന്നതിനും കളക്ടർ മുന്നോട്ടുവച്ച നിർദേശങ്ങളെ യൂണിയൻ നേതാക്കൾ സ്വാഗതം ചെയ്തു. ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ചെടികൾ നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനും തൊഴിലാളികൾ സഹകരണം ഉറപ്പുനൽകി. വേനൽക്കാലത്ത് ചെടികൾ നനയ്ക്കുന്നതിന് നഗരസഭകളുടെയും വാട്ടർ അഥോറിറ്റിയുടെയും സഹായം ലഭ്യമാക്കുമെന്ന് കളക്ടർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും ഹരിതാഭമാക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. ആറു നഗരസഭകളിലും ഒരു ദിവസം തന്നെ വിളംബരജാഥ നടത്തി തുടക്കമിടും. ഓരോ നഗരസഭ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കും. ജില്ലയിലേക്കു പ്രവേശിക്കുന്ന പ്രധാന റോഡുകൾ ഇതിന്റെ ഭാഗമായി മനോഹരമാക്കും.
യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ മാത്യു, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ ക്ലിന്റ് ജോൺ, ചീനിക്കുഴി രാധാകൃഷ്ണൻ, ടോണി തോമസ്, ടി.എം. ലവിൻ, പി.ആർ. രാജീവ്, ഷാനി പി. തമ്പി എന്നിവർ പങ്കെടുത്തു.