പ്രളയം തകർത്ത മേഖലയിൽ വന്യമൃഗശല്യവും
1514805
Sunday, February 16, 2025 11:53 PM IST
കൂട്ടിക്കൽ: 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ഏറ്റവും ദുരിതം നേരിട്ട പ്രദേശങ്ങളിൽ ഒന്നാണ് മ്ലാക്കര ടോപ്പ്. പ്രളയത്തെത്തുടർന്നു മേഖലയിലേക്കുള്ള റോഡുകൾ പൂർണമായും തകർന്നിരുന്നു. വ്യാപക കൃഷിനാശവും ഉണ്ടായി. ഇതോടെ പല കുടുംബങ്ങളും ഇവിടെനിന്നു പലായനം ചെയ്തു.
മുപ്പതിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന മ്ലാക്കര ടോപ്പിൽ ഇന്നു വിരലിലെണ്ണാവുന്ന വീടുകൾ മാത്രമാണ് അവശേഷിക്കുന്നത്. ചില കുടുംബങ്ങൾ മറ്റു മേഖലയിലേക്കു വാടകയ്ക്കു താമസം മാറ്റി. പകൽ സമയങ്ങളിൽ തങ്ങളുടെ പുരയിടത്തിൽ ജോലിചെയ്ത ശേഷം വൈകുന്നേരം വാടക വീടുകളിലേക്ക് മടങ്ങുന്നവരുമുണ്ട്. കാട്ടുപന്നി, കുരങ്ങ് അടക്കമുള്ള വന്യജീവികളുടെ ആക്രമണവും പതിവാണെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കഴിഞ്ഞദിവസം പുലിയെ ചത്ത നിലയിൽ കണ്ടെത്തിയതോടെ പ്രദേശത്തെ കുടുംബങ്ങൾ കടുത്ത ഭീതിയിലായിരിക്കുകയാണ്.
വാഗമൺ മലനിരകളുടെ താഴ്ഭാഗമായ ഇവിടേക്കു വാഗമൺ മേഖലയിൽനിന്നു തന്നെയാകാം പുലി എത്തിയത് എന്നാണ് പ്രദേശവാസികളുടെ നിഗമനം. മഴക്കാലത്ത് പ്രളയവും വേനൽക്കാലത്ത് വന്യമൃഗശല്യവും ആകുന്നതോടെ അവശേഷിക്കുന്ന കുടുംബങ്ങൾകൂടി മറ്റു മേഖലയിലേക്കു ചേക്കേറേണ്ട ഗതികേടിലാണ്.