റേഡിയോ മീഡിയാ വില്ലേജില്‍ മ്യൂസിക് ധമാക്ക സീസണ്-7 ജൂണിയര്‍
1484432
Wednesday, December 4, 2024 7:18 AM IST
ചങ്ങനാശേരി: സംഗീതാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരങ്ങൾ തുറന്നുകൊടുക്കുന്നതിനുമായി റേഡിയോ മീഡിയാ വില്ലേജും ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും ചേര്‍ന്ന് ഒരുക്കുന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഏഴാം പതിപ്പിന് തുടക്കമാവുന്നു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനവസരം. ഒരു സ്കൂളില്‍നിന്ന് മിനിമം രണ്ടും മാക്സിമം അഞ്ചും കുട്ടികള്‍ക്കു പങ്കെടുക്കാം.
ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളോട് കിടപിടിക്കും വിധമുള്ള സ്റ്റുഡിയോ ഫ്ളോറിലാണ് മത്സരം നടക്കുന്നത് എന്നതും സോഷ്യല്‍ മീഡിയകളിലും എംവിടിവിയിലും വീഡിയോ ബ്രോഡ്കാസ്റ്റിംഗ് നടക്കുന്നുവെന്നതും കുട്ടികള്‍ക്ക് പുതിയ അനുഭവമാകും.
റേഡിയോ വാര്‍ഷികത്തോടനുബന്ധിച്ച് 2025 ഫെബ്രുവരിയില്‍ ഗ്രാൻഡ് ഫിനാലെ നടക്കും. ഒന്നാം സമ്മാനം 20,000, രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മാനം 10,000 രൂപ കൂടാതെ അഞ്ച് കുട്ടികള്‍ക്ക് ആയിരം രൂപ വീതം കാഷ് പ്രൈസും നല്‍കും.
പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സൗജന്യ രജിസ്ട്രേഷന് ഇപ്പോള്‍ത്തന്നെ 9495393890 എന്ന വാട്സ് ആപ് നമ്പരിലേക്ക് മെസേജ് അയയ്ക്കാവുന്നതാണെന്ന് സ്റ്റേഷന് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അറിയിച്ചു.