കുറവിലങ്ങാട് ഷഷ്ടിപൂര്‍ത്തി റോഡ് റീടാറിംഗ് ഉടൻ തുടങ്ങുമെന്നു മോന്‍സ് ജോസഫ്
1484085
Tuesday, December 3, 2024 6:57 AM IST
കുറവിലങ്ങാട്: കേരള വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പിടീല്മൂലം റോഡ് റീടാറിംഗ് നടപ്പാക്കാന്‍ കഴിയാതെ നാളുകളായി ശോച്യാവസ്ഥയില്‍ കിടക്കുന്ന കുറവിലങ്ങാട് ഷഷ്ടിപൂര്‍ത്തി റോഡിന്റെ റീടാറിംഗ് ഈ മാസം തുടങ്ങുമെന്നു മോന്‍സ് ജോസഫ് എംഎൽഎ അറിയിച്ചു. നിലവിലുണ്ടായിരുന്ന പ്രതിസന്ധി പരിഹരിച്ചു റോഡ് നിര്‍മാണം ആരംഭിക്കാന്‍ ആവശ്യമായ തീരുമാനമെടുത്തതിലൂടെ ജനങ്ങള്‍ക്കും റോഡിനും ശാപമോക്ഷം ലഭിച്ചിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ അനുവദിച്ച ഫണ്ടില്‍ ഉള്‍പ്പെടുത്തി ഷഷ്ടിപൂര്‍ത്തി റോഡിന്റെ ടാറിംഗ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ച സന്ദര്‍ഭത്തിലാണ് ജലവിഭവ വകുപ്പു പൈപ്പ് ഇടുന്നതിനുവേണ്ടി രംഗത്തുവരുന്നത്.
ഇതേത്തുടര്‍ന്നു ടാറിംഗ് മാറ്റി പൈപ്പ് ഇടുന്നതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് വാട്ടര്‍ അഥോറിട്ടിക്കു റോഡ് വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ സമയബന്ധിതമായി പൈപ്പിടീല്‍ പൂര്‍ത്തിയാക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും വാട്ടര്‍ അഥോറിട്ടിക്കു കഴിയാതെ വന്നു. ഇതേത്തുടര്‍ന്നു എംഎല്‍എ നേതൃത്വം നല്കി രണ്ടു വകുപ്പ് അധികൃതരേയും വിളിച്ചുകൂട്ടി ചര്‍ച്ച നടത്തി.
വാട്ടര്‍ അഥോറിട്ടി പരമാവധി വേഗത്തില്‍ പൈപ്പ് ഇടുന്നതിനും വാട്ടര്‍ കണക്ഷന് ജോലികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ കാലതാമസം വീണ്ടും നേരിട്ടതിനെത്തുടര്‍ന്നു പദ്ധതി നിര്‍വഹണം പ്രതിസന്ധിയിലായിത്തീര്‍ന്നു. റോഡ് റീടാറിംഗ് ആരംഭിക്കേണ്ട അനിവാര്യത കണക്കിലെടുത്തു പൊതുമരാമത്ത്-വാട്ടര്‍ അഥോറിട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എംഎല്‍എ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്തതിനെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനുള്ള വഴി ചര്‍ച്ചയിലൂടെ കണ്ടെത്തിയിരിക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശപ്രകാരം വാട്ടര്‍ അഥോറിട്ടി റോഡ് പുനരുദ്ധാരണത്തിനുവേണ്ടി 40 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചു റോഡ് പുനരുദ്ധാരണ പ്രവൃത്തി നടപ്പാക്കാന്‍ പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസ് അനുമതി നല്‍കുകയും ചെയ്തു.
മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയർ ജോസ് രാജൻ, എക്സിക്യൂട്ടീവ് എൻജിനിയർ രഞ്ജു ബാലന്, അസി. എൻജിനിയർ ജോസ് പി. ചെറിയാന്, വാട്ടര്‍ അഥോറിട്ടിഎക്സിക്യൂട്ടീവ് എൻജിനിയർ സോണിയ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ സവിത, അസി. എൻജിനിയർ ഷാന്റി എന്നിവര്‍ ചര്‍ച്ചയിൽ പങ്കെടുത്തു.