കുഴിവേലി വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ
1454468
Thursday, September 19, 2024 11:31 PM IST
പാലാ: പാലാ-തൊടുപുഴ റോഡില്‍ പൂനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കുഴിവേലി വളവ് വാഹനയാത്രക്കാരുടെ പേടി സ്വപ്നം. ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള്‍ 30 അടിയോളം താഴ്ചയിലേക്കാണ് പതിക്കുന്നത്. നിരവധിയാളുകള്‍ ദുരന്തത്തിനിരയായി. തൊടുപുഴയില്‍നിന്നു ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറ കയറ്റം കയറി കുറിഞ്ഞി ഭാഗത്തേക്കുള്ള ഇറക്കത്തിലാണ് കുഴിവേലി വളവ്.
വളവിന്റെ ഭൂപ്രകൃതിയാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്.ഇതിനു തൊട്ടു മുമ്പുള്ള ചൂരപ്പട്ട വളവു കഴിഞ്ഞ് വാഹനങ്ങള്‍ കുഴിവേലി വളവിനു തൊട്ടടുത്തെത്തുമ്പോഴാണ് വളവുണ്ടന്ന് ഡ്രൈവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുക. പെട്ടെന്ന് വാഹനത്തിന്റെ വേഗത നിയന്ത്രിക്കാന്‍ ശ്രമിച്ചാലും ഫലപ്രദമാകില്ല. ബ്രേക്ക് കിട്ടാതെ വാഹനങ്ങള്‍ നിയന്ത്രണംവിട്ടു മറിയുകയാണ്.
ഏതാനും വര്‍ഷം മുമ്പ് സംസ്ഥാന പാത വീതി കൂട്ടി നവീകരിച്ചപ്പോള്‍ ഇവിടെ ആവശ്യത്തിന് വീതിയെടുത്തില്ലന്ന പരാതികളുയര്‍ന്നിരുന്നു. റോഡിന് കുറച്ചുകൂടി വീതിയുണ്ടായാല്‍ അപകടങ്ങള്‍ക്ക് കുറവുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ ഭാഗത്ത് റോഡിന്റെ ഒരു വശം താഴ്ചയും മറുവശം കുന്നുമാണ്. കുന്നുള്ളത് സര്‍ക്കാര്‍ ഭൂമിയിലാണ്. പാറ പൊട്ടിച്ച് ഇനിയും വീതി കൂട്ടാന്‍ തടസങ്ങളൊന്നുമില്ല.
വളവുകള്‍ നിവര്ത്താത്തതു മാത്രമല്ല, ശരിയായി സംരക്ഷണഭിത്തി കെട്ടാത്തതും ദിശാ സൂചനകള്‍ ദൂരെനിന്ന് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാത്തതും അപകടങ്ങള്ക്കുകാരണമാകുന്നു.
വളവിനു മുമ്പ് ഹമ്പുകള്‍ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ പ്രധാന പാതകളിലൊന്നാണിത്. മൂന്നാറടക്കമുള്ള വിനോദ സഞ്ചാര മേഖലയിലേക്കു പോകുന്ന സഞ്ചാരികളുടെ വാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തി ൽപ്പെടുന്നത്.