നിർധനർക്ക് കൈത്താങ്ങായി ഡോ.എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്
1339212
Friday, September 29, 2023 2:52 AM IST
വൈക്കം: ഹരിത വിപ്ലവത്തിലൂടെ കാർഷികരംഗത്ത് അഭൂതപൂർവമായ പുരോഗതി സൃഷ്ടിച്ച ഡോ.എം.എസ്. സ്വാമിനാഥന്റെ പേരിലുള്ള റിസർച്ച് ഫൗണ്ടേഷനും കാർഷിക മേഖലയിലെ ജനങ്ങളുടെ ജീവിതാഭിവൃദ്ധിക്കായി വിവിധ പദ്ധതികൾ ആവിക്ഷ്കരിച്ചിരുന്നു.
ഗ്രാമീണ മേഖലയിലെ നിർധന കുടുംബങ്ങളുടെ വരുമാന വർധനവിനായി ഡോ.എം. എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എച്ച്ഡിഎഫ്സി സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു നിരവധി പദ്ധതികളാണ് നടപ്പാക്കിയത്.
വെച്ചൂർ, തലയാഴം, വൈക്കം, കല്ലറ, വടയാർ വില്ലേജുകളിൽ സമഗ്ര ഗ്രാമവികസന പരിവർത്തൻ പദ്ധതിയിൽപ്പെടുത്തി സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി മുട്ടത്താറാവ്, മൽസ്യത്തൊഴിലാളികൾക്ക് വല, സ്കൂൾ കുട്ടികൾക്ക് പച്ചക്കറി വിത്ത്, സ്ത്രീകൾക്ക് തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു. വെച്ചൂർ ദേവി വിലാസം സ്കൂളിലും കല്ലറ ശാരദ വിലാസം സ്കൂളിലും മഴവെള്ളസംഭരണി നിർമിച്ചു നൽകി. ഇതിനു പുറമേ നിരവധി കുടുംബങ്ങൾക്ക് മഴ വെള്ള സംഭരണി നിർമിച്ചു നൽകി.
കർഷകർക്കായി പ്ലാന്റ് ക്ലിനിക്കുകളും തെങ്ങ്, നെല്ല് കർഷകർക്ക് വേണ്ടി അവബോധ ക്ലാസുകളും നടത്തി. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി തയ്യൽ മെഷീൻ നൽകി.
തഴപ്പായ തൊഴിലാളികൾക്ക് വേണ്ടി ഉത്പന്ന നിർമാണ, വിതരണപരിശീലനശാലയും അതിനോടാനുബന്ധിച്ചു ഭൗതിക സാഹചര്യങ്ങളും ഒരുക്കി നൽകി നിരവധി തൊഴിലാളികളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ഡോ.എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന് കൈത്താങ്ങായി.