വേനല്‍മഴ: കൊയ്ത നെല്ല് വെള്ളത്തില്‍
1547910
Sunday, May 4, 2025 11:31 PM IST
പള്ളിപ്പാട്: കഴിഞ്ഞദിവസം വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും പള്ളിപ്പാട്ട് വിവിധ പാടശേഖരങ്ങളിലെ നെല്ല് മുഴുവന്‍ വെള്ളത്തിലായി. കോയിക്കലേത്ത് കിഴക്ക്, വൈപ്പിന്‍കാട് തെക്ക് പാടശേഖരങ്ങളിലെ കര്‍ഷകർക്കാണ് കൂടുതല്‍ ദുരിതം. കോയിക്കലേത്ത് കിഴക്ക് പാടശേഖരത്തില്‍ കൂലി വര്‍ധന ആവശ്യപ്പെട്ട തൊഴിലാളികളുമായുള്ള തര്‍ക്കം കഴിഞ്ഞ ദിവസം പരിഹരിച്ചു. എന്നാല്‍, കനത്ത മഴയില്‍ ചാക്കില്‍ കെട്ടിവച്ചിരുന്ന നെല്ലുപോലും വെള്ളം കയറി മുങ്ങിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.
സംഭരണത്തിനു മില്ലുകാര്‍ എത്തിയെങ്കിലും നനഞ്ഞ നെല്ല് എടുക്കാന്‍ അവര്‍ തയാറായില്ല. നെല്ല് വീണ്ടും ഉണക്കി നല്‍കേണ്ട അവസ്ഥയിലാണ്. മില്ലുകാര്‍ ആവശ്യപ്പെട്ട കിഴിവ് നല്കാന് സമ്മതിച്ച നെല്ലാണ് തൊഴില്‍ തര്‍ക്കം മൂലം കരയ്ക്കു കയറ്റാന്‍ രണ്ടു ദിവസം വൈകിയത്. കൃഷിയുടെ വിളവു കുറഞ്ഞതുമൂലം നിരാശയിലായിരുന്ന കര്‍ഷകര്‍ക്ക് ഇതുമൂലം നഷ്ടത്തിന്റെ ആഴം വര്‍ധിച്ചു. നെല്ല് ഉണക്കി എടുക്കാനുള്ള ചെലവുകൂടി ആകുമ്പോള്‍ കൃഷി വന്‍ സാമ്പത്തിക ബാധ്യതയായി.
കഴിഞ്ഞവര്‍ഷം ഒരേക്കറില്‍ 20 മുതല്‍ 25 ക്വിന്റല്‍ വരെ നെല്ല് ലഭിച്ച പാടശേഖരങ്ങളില്‍ ഈ വര്‍ഷം എട്ടുമുതല്‍ 12 ക്വിന്റല്‍ വരെയാണ് ശരാശരി വിളവ്. ഇതു ചെലവിനു പോലും തികയാത്ത അവസ്ഥയും. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ചുമട്ടുകൂലി കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. പാടശേഖരത്തില്‍ കിടക്കുന്ന നെല്ല് കരയ്ക്കു കയറ്റാനുള്ള തത്രപ്പാടിലാണ് കര്‍ഷകര്‍. വൈപ്പിന്‍കാട് തെക്ക് പാടശേഖരത്തില്‍ കിടക്കുന്ന നെല്ല് ഇനിയും പൂര്‍ണമായി കരയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. നഷ്ടം കുറയ്ക്കാന്‍ നെല്ല് വില വര്‍ധിപ്പിക്കുകയും മില്ലുകാര്‍ക്ക് നല്കുന്ന നെല്ലിന്റെ വില താമസിക്കാതെ ലഭിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.