എടത്വ പള്ളിയില്‍ കുര്‍ബാന പണവും നേര്‍ച്ചകളും ഇനി ഡിജിറ്റല്‍
1547338
Friday, May 2, 2025 11:55 PM IST
എടത്വ: എടത്വ പള്ളിയില്‍ കുര്‍ബാന പണം നല്‍കുന്നതും നേര്‍ച്ചകളും എല്ലാം ഇനി ഡിജിറ്റലായി ചെയ്യാം. ഏതുസമയത്തും പണം അടയ്ക്കാൻ പറ്റുന്ന തരത്തില്‍ ഡിജിറ്റല്‍ സെന്‍സര്‍ കിയോസ്ക് സ്ഥാപിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ള വോയ്സ് അസിസ്റ്റഡ് ഇന്റര്‍ഫേസ് ആയതിനാല്‍ ആർക്കും എളുപ്പത്തില്‍ സേവനം ലഭിക്കും.
ഭാഷ തെരഞ്ഞെടുത്ത് നമ്മുടെ പേരും അഡ്രസും ടൈപ്പ് ചെയ്ത് നല്‍കിയശേഷം ആവശ്യമുള്ള നേര്‍ച്ച വിവരങ്ങള്‍ നല് കാവുന്നതരത്തിലാണ് കിയോസ്ക്കിന്റെ പ്രവര്‍ത്തനം. സ്വയം വിവരണാത്മക ടച്ച് സ്ക്രീനായതിനാല്‍ കുര്‍ബാന, നൊവേന, ഒപ്പീസ്, മുത്തുക്കുട, നേര്‍ച്ച എണ്ണ, മറ്റ് വഴിപാടുകള്‍, ചാരിറ്റി സഹായങ്ങള്‍, വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മാണം, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകമായി സംഭാവനകള്‍ ഏതൊരാള്‍ക്കും ആരുടേയും സഹായമില്ലാതെ തന്നെ നല്‍കാനും ബുക്കിംഗും സാധിക്കും.
ഗൂഗിള്‍പേ, പേറ്റിഎം പോലുള്ള യുപിഐ പേയ്മെന്റ് ആയതിനാല്‍ സ്ക്രീനില്‍ തെളിയുന്ന യുപിഐ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണം അടച്ചാല്‍ ഉടനെ തന്നെ രസീതും ലഭിക്കും. കിയോസ്കില്‍ ബുക്ക് ചെയ്യുന്ന എല്ലാ കാര്യങ്ങളും പള്ളിയുടെ കമ്പ്യൂട്ടറില്‍ തരം തിരിച്ച് ലഭിക്കുകയും ചെയ്യും. ഫെഡറല്‍ ബാങ്ക് തലവടി ശാഖയാണ് ഡിജിറ്റല്‍ കിയോസ്ക് സ്പോണ്സര് ചെയ്തത്.
വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, വിന്‍സന്റ് തോമസ് പഴയാറ്റില്‍, കെ.എം. ജയിംസ് കളത്തൂര്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, അക്കൗണ്ടന്റ് സാജു മാത്യു, ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം സോണല്‍ ഹെഡ് കെ.വി. ഷിജു, ആലപ്പുഴ റീജണല്‍ ഹെഡ് വിപിന്‍ വി. ഉണ്ണിത്താന്, തലവടി ബ്രാഞ്ച് ഹെഡ് എ.എം. അനുബിസ്, അസി. മാനേജര്‍ സാന്ദ്ര മേരി ഷാജി എന്നിവര്‍ പ്രസംഗിച്ചു.