350 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്പിടികൂടി
1547333
Friday, May 2, 2025 11:55 PM IST
ആലപ്പുഴ: തദ്ദേശ സ്വയംഭരണവകുപ്പ് ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 350 കിലോ സര്‍ക്കാര്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. അറഫാ സ്റ്റോഴ്സ്, എ.എസ്. ട്രേഡേഴ്സ്, രവി സ്റ്റോര്‍, നിര്‍മണ്‍, പ്രകാശ് സ്റ്റോഴ്സ്, കമലാ സ്റ്റോര്‍, ഹോളിഡേ സൂപ്പര്‍ മാര്‍ക്കറ്റ് എന്നി സ്ഥാപനങ്ങളില്‍നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയത്. ഈ സ്ഥാപനങ്ങളില്‍നിന്ന് 40,000 രൂപ പിഴ ഈടാക്കാന്‍ സ്ക്വാഡ് ശുപാര്‍ശ ചെയ്തു. 19 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒമ്പത് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
ജോയിന്റ് ബിഡിഒ ബിന്ദു വി. നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എസ്. വിനോദ്, ശുചിത്വ മിഷന് പ്രതിനിധി നിഷാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദഗ്ധന്‍ അഖില്‍, പഞ്ചായത്ത് അസി. സെക്രട്ടറി രാജഗോപാല്‍ തുടങ്ങിയവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വഡ് അറിയിച്ചു.