വേനല്‍ മഴ കനത്തു: കൊയ്ത്ത് ഉപേക്ഷിച്ച് കര്‍ഷകര്‍
1547900
Sunday, May 4, 2025 11:31 PM IST
മാന്നാര്‍: തുടര്‍ച്ചയായി പെയ്ത മഴ മൂലം ചെന്നിത്തല നേന്ത്രവേലി പാടശേഖരത്തിലെ 110 ഏക്കറിലെ കൊയ്യാനിരുന്ന നെല്ലുമുങ്ങി, കൊയ്ത്ത് ഉപേക്ഷിച്ച് കര്‍ഷകര്‍. കഴിഞ്ഞ പത്തു ദിവസമായി പെയ്ത മഴ കാരണമാണ് നൂറുമേനി വിളവ് ലഭിച്ച നെല്ലു പൂര്‍ണമായും മുങ്ങിയത്. ഇവിടത്തെ 29 കര്‍ഷകരാണ് ഇക്കുറി നേന്ത്രവേലി പാടശേഖരത്തില്‍ കൃഷിയിറക്കിയത്.
ചെന്നിത്തല തൃപ്പെരുന്തുറ കൃഷിഭവന്റെ പരിധിയില്‍ വരുന്ന ചെന്നിത്തല 14 ാം ബ്ലോക്ക് (നേന്ത്രവേലി) പാടശേഖരത്തിലെ ബണ്ടിന്റെ ബലക്ഷയവും തണ്ണീര്‍മുക്കം ബണ്ട് തുറന്നതും പാടത്തില്‍ വെള്ളം കയറാന്‍ കാരണമായെന്നു കര്‍ഷകര്‍ പറഞ്ഞു. പുറം ബണ്ടിന്റെ ബലക്ഷയം കാരണം നേരിയ തോതില്‍ ആദ്യം വെള്ളം കയറി.
സ്ഥിതി രൂക്ഷമായപ്പോള്‍ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ പമ്പിംഗ് നടത്തിയെങ്കിലും ശക്തമായ മഴ കാരണം പമ്പിംഗ് വിജയം കണ്ടില്ല. ഇത്രയും വെള്ളം പൂര്‍ണമായി വറ്റിയാല്‍ പോലും കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കഴിയില്ലെന്നും അതിനാല്‍ കൊയ്ത്ത് ഉപേക്ഷിക്കുകയാണെന്നും പാടശേഖര സമിതി അറിയിച്ചു.