കൊച്ചുമകളുടെ റീൽസ് ഗോപിനാഥൻപിള്ളയെ എത്തിച്ചത് മോഹൻലാലിനൊപ്പം
1547345
Friday, May 2, 2025 11:55 PM IST
ചെങ്ങന്നൂർ: തരുൺമൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി ഇറങ്ങിയ തുടരും സിനിമയിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് 83 കാരനായ ഗോപിനാഥൻപിള്ള. ചെങ്ങന്നൂർ കല്ലിശേരി ഉമയാറ്റുകരയിലെ വള്ളിയിൽ വീട്ടിലിരുന്നു ഗോപിനാഥൻപിള്ള ആദ്യമായി സിനിമയിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണ് സംസാരിക്കുന്നത്.
ടാക്സി ഡ്രൈവറായ മോഹൻലാലിന്റെ അംബാസിഡർ കാറിൽ യാത്ര ചെയ്യുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് ഗോപിനാഥൻ പിള്ള അഭിനയിക്കുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു -ഈ വണ്ടിക്കൊരു കുലുക്കമാണെന്നും അടുത്ത പ്രാവശ്യം ഊബർ വിളിക്കത്തൊള്ളന്നു.- ഇതിനു മറുപടിയായി-അതെന്താ ഊബർ കുലുങ്ങത്തില്ലേ?- എന്ന് മോഹൻലാൽ ചോദിക്കുന്ന രംഗം രസകരമാണ്.
കുറഞ്ഞസമയം മാത്രമാണെങ്കിലും ഗോപിനാഥൻപിള്ളയും മോഹൻലാലും ഒന്നിച്ചുള്ള ഈ രംഗം പ്രേക്ഷക ശ്രദ്ധ നേടി.
കൊച്ചുമകൾ മിത്ര അദ്ദേഹം അറിയാതെ പകർത്തിയ ഒരു വീഡിയോയാണ് അദ്ദേഹത്തെ സിനിമയുടെ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുന്നത്. മിത്രയുടെ മിത്രം എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഗോപിനാഥൻ പിള്ളയുടെ രസകരമായ നിമിഷങ്ങൾ കൊച്ചുമകൾ റീൽസായി പങ്കുവച്ചിരുന്നു. ഈ റീലുകളാണ് സംവിധായകൻ തരുൺ മൂർത്തിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഗോപിനാഥൻപിള്ള ഈ സിനിമയിലെ ഒരു കഥാപാത്രത്തിന് അനുയോജ്യനാണെന്നു തോന്നിയ തരുൺ മൂർത്തി ഗോപിനാഥനുമായി ബന്ധപ്പെടുകയായിരുന്നു.
സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി അവസരം ലഭിച്ചപ്പോൾ ഗോപിനാഥൻപിള്ള ഒരല്പം പതറി. എന്നാൽ, ഭാര്യ ഓമനയും മക്കളും മരുമക്കളും കൊച്ചുമക്കളും ഒപ്പം നിന്നതോടെ അദ്ദേഹം സമ്മതം മൂളി.
ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ, തന്റെ ഇഷ്ടതാരങ്ങളിൽ ഒരാളായ മോഹൻലാൽ അടുത്തുവന്ന് സംസാരിച്ചത് ഗോപനാഥൻ പിള്ളയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു. എവിടെനിന്നാണ് വരുന്നത്, യാത്ര സുഖകരമായിരുന്നോ എന്നിങ്ങനെയുള്ള മോഹൻലാലിന്റെ സ്നേഹത്തോടെയുള്ള വാക്കുകൾ അദ്ദേഹത്തിന്റെ മനസിനെ സ്പർശിച്ചു. തുടരും സിനിമയിൽ സിനിമയിൽ അഭിനയിച്ച് ഏറെ പരിചയമുള്ള ഒരാളെപ്പോലെയാണ് ഗോപിനാഥൻപിള്ളയുടെ അഭിനയമെന്ന് സിനിമ കണ്ട അദ്ദേഹത്തിന്റെ നാട്ടുകാർ പറയുന്നു.
മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മറ്റൊര ഇഷ്ടനടൻ. സിനിമകളെല്ലാം ഇഷ്ടമാണെങ്കിലും ചെമ്മീൻ എന്ന സിനിമയോട് അദ്ദേഹത്തിന് ഒരല്പം ഇഷ്ടം കൂടുതലാണ്. ഭാര്യ ഓമനയും മകനും ഭാര്യയും കൊച്ചുമക്കളുമൊത്താണ് ജീവിതം.