അവശതകള്‍ ശരീരത്തെ കീഴ്പ്പെടുത്താന്‍ നോക്കി, പക്ഷേ, അഭയന്റെ യാത്ര തുടരും
1547909
Sunday, May 4, 2025 11:31 PM IST
പൂച്ചാക്കല്‍: അവശതകള്‍ ശരീരത്തെ കീഴ്പ്പെടുത്താന്‍ പലവട്ടം ശ്രമിച്ചിട്ടും പിടികൊടുക്കാതെ അറുപതാമത്തെ വയസിലും അഭയന് എന്ന ചുമട്ടുതൊഴിലാളി ഇന്നും ഉന്മേഷവാനാണ്.
പുലര്‍ച്ചെ അഞ്ചിന് ഉണര്‍ന്ന് കുളികഴിഞ്ഞ് വീട്ടിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി കീര്‍ത്തനവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ പൂച്ചാക്കലിലാ ണ് തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാര്‍ഡില്‍ ദേവീസദനത്തില്‍ കെ. അഭയന്റെ ലോകം. 35 വര്‍ഷമായിട്ട് പൂച്ചാക്കല്‍ ടൗണില്‍ തലച്ചുമട് തൊഴിലാളിയാണ് അഭയന്.
രണ്ടുവര്‍ഷം മുമ്പ് ലോറിയില്‍നിന്നു പഞ്ചസാര ഇറക്കുമ്പോള്‍ കാലില്‍ പഞ്ചസാര ചാക്ക് വീണ് കാലിന് ഗുരുതരമായി പരിക്കു പറ്റിയിരുന്നു. ഒരുവര്‍ഷത്തോളം ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നിരുന്നാലും വിശ്രമിക്കാന്‍ അഭയന് സമയം ഉണ്ടായിരുന്നില്ല. കുടുംബം മുന്നോട്ടുപോകണമെങ്കില്‍ അഭയന് പണിക്കുപോയെ പറ്റു. ചെറുപ്പത്തിലെ കാലുകള്‍ക്കു പോളിയോ ബാധിച്ച ഭാര്യ ജൈലജയുടെയും തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിനു പഠിക്കുന്ന മകള്‍ ഭാഗ്യശ്രീയുടെയും പ്രതീക്ഷകള്‍ അച്ഛന് അഭയന് മാത്രമാണ്.
അപകടത്തെത്തുടര്‍ന്നു കാലുകള്‍ക്ക് ചെറിയ സ്വാധീനക്കുറവ് ഉണ്ടെങ്കിലും ചുമട് എടുക്കുന്ന കാര്യത്തില്‍ അഭയന് മുന്‍പന്തിയിലുണ്ട്. ഭാര്യ ജൈലജ ലോട്ടറി വിറ്റുകിട്ടുന്ന ചെറിയ വരുമാനവും അഭയന് ആശ്വാസമാണ്. ഐക്യമില്ലാതെ തൊഴിലാളികള്‍ പരസ്പരം വഴക്കിട്ടും ഭിന്നിച്ചും നിന്നിരുന്ന കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചതും ഈ തൊഴിലാളിയാണ്.