"ചെങ്ങന്നൂര്‍-ആലപ്പുഴ-എറണാകുളം ബോട്ട് സർവീസ് പുനരാരംഭിക്കണം'
1547673
Sunday, May 4, 2025 4:00 AM IST
ചെങ്ങന്നൂര്‍: മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍ത്തലാക്കിയ ചെങ്ങന്നൂര്‍-ആലപ്പുഴ-എറണാകുളം ബോട്ട് സര്‍വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. സീ കുട്ടനാട് മാതൃകയിലുള്ള വിനോദസഞ്ചാര പദ്ധതികളുമായി ബന്ധപ്പെടുത്തി ഈ ജലപാത പുനരുജ്ജീവിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.
ഒരു കാലത്ത് ചങ്ങനാശേരി, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്രയമായിരുന്ന ഈ ബോട്ട് സര്‍വീസ് 1992ലാണ് നിര്‍ത്തലാക്കിയത്. പിന്നീട് ഈ റൂട്ട് കാടുകയറി നശിച്ചു. ജലഗതാഗത വകുപ്പിന്റെ കല്ലിശേരിയിലെ സ്റ്റേഷന് ഓഫീസ് കെട്ടിടവും ബോട്ട് ജെട്ടിയും കാലപ്പഴക്കത്തില്‍ ഇല്ലാതായി. പുതിയ ഇറപ്പുഴ പാലം നിര്‍മാണത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ ഓഫീസ് കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റി.
ഈ ജലപാതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ നാട്ടുകാര്‍ ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പലപ്പോഴും നടത്തിയിരുന്നു. ചെങ്ങന്നൂരിന്റെയും കുട്ടനാടിന്റെയും ടൂറിസം സാധ്യതകള്‍ക്ക് പുതിയൊരു ഉണര്‍വ് നല്കാന് ഈ ബോട്ട് സര്‍വീസിന് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. സീ കുട്ടനാട് ടൂറിസം പദ്ധതിയുടെ മാതൃകയില്‍ ഈ റൂട്ടിനെയും വികസിപ്പിച്ചാല്‍ അത് സഞ്ചാരികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. കായലുകളുടെയും പുഴകളുടെയും മനോഹരമായ കാഴ്ചകളിലൂടെയുള്ള യാത്രയും കുട്ടനാടിന്റെ ഗ്രാമീണ ജീവിതവും അടുത്തറിയാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
ഈ ആവശ്യം അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുന്നതിനായി നാട്ടുകാര്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ജനപ്രതിനിധികളും ഈ വിഷയത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ വൈകാതെ തന്നെ ഈ സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കാലം കാത്തുവച്ച ഈ ജലപാതയുടെ പുനരുജ്ജീവനം ചെങ്ങന്നൂരിന്റെയും കുട്ടനാടിന്റെയും വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു മുതല്ക്കൂട്ടു തന്നെയായിരിക്കും.