അശാസ്ത്രീയ ഓട നിര്‍മാണം, നാട്ടുകാര്‍ ദുരിതത്തില്‍
1547342
Friday, May 2, 2025 11:55 PM IST
ആലപ്പുഴ: നാട്ടുകാരോ ജനപ്രതിനിധികളോ ആവശ്യപ്പെടാതെ ഒന്നരയടി ഉയരത്തില്‍ അശാസ്ത്രീയമായി ഓട നിര്‍മിച്ചതു മൂലം നാട്ടുകാര്‍ ദുരിതത്തില്‍. കഴിഞ്ഞ നാലു വര്‍ഷവും മഴക്കാലത്ത് അനുഭവിച്ച ദുരിതം ഇത്തവണയും ആവര്‍ത്തിക്കും. തോണ്ടംകുളങ്ങര വാര്‍ഡിലെ കൈചൂണ്ടിമാര്ക്കറ്റ് റോഡില്‍ നിര്‍മിച്ചിട്ടുള്ള ഓടയാണ് പ്രദേശത്തെ കുടുംബങ്ങളെയും നാട്ടുകാരെയും കെണിയില്‍ പെടുത്തിയിരിക്കുന്നത്.
നാലുവര്‍ഷം മുന്‍പ് നഗരസഭയുടെ ഉപാധിരഹിത ഫണ്ടില്‍നിന്നു എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് ഓട നിര്‍മിച്ചത്. കണ്ടത്തില്‍ തോടുമായി ബന്ധിപ്പിക്കാന്‍ എന്ന പേരില്‍ റോഡിനു കുറുകെ ഓട നിര്‍മിച്ചതോടെ സുഗമമായ യാത്രയ്ക്കും തടസമായി. റോഡിന്റെ പടിഞ്ഞാറ് വശത്ത് ഒന്നരയടി ഉയരത്തില്‍ നില്ക്കുന്ന ഓട ഈ വശത്തെ 5 വീട്ടുകാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ തടസമായി. ഓടയുടെ വടക്കേയറ്റം ഒരു വീട്ടുകാരുടെ ഗേറ്റിനു മുന്നില്‍ അവസാനിക്കുകയാണ്. മഴക്കാലത്ത് ഇവിടെ അരയ്ക്കൊപ്പം വെള്ളം കെട്ടിനില്ക്കും.
സ്കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും നീന്തിയാണ് പോകുന്നതെന്നു വീട്ടുകാര്‍ സങ്കടം പറഞ്ഞു. ഓടയുടെ പൊക്കത്തില്‍ റോഡ് ഉയര്‍ത്തി നിര്‍മിച്ച് വെള്ളക്കെട്ട് പരിഹരിക്കാനാണ് നീക്കം. അങ്ങനെ ചെയ്യുമ്പോള്‍ ഇതിനെക്കാള്‍ വലിയ ഭീഷണി നേരിടേണ്ടിവരും. രണ്ട് വശത്തെ വീടുകളുടെ മുറ്റവും പുരയിടവും കുറഞ്ഞത് ഒന്നരയടി താഴും. വാഹനങ്ങള്‍ റോഡിലേക്ക് ഇറക്കാന്‍ കഴിയാതെ വരും. ഇത് പരിഹരിക്കാന്‍ മുറ്റവും പുരയിടവും ഉയര്‍ത്തുമ്പോള്‍ വീടുകള്‍ താഴും- നാട്ടുകാര്‍ പറഞ്ഞു.