സ്റ്റുഡന്റ്സ് മാർക്കറ്റിനു തുടക്കമായി
1547335
Friday, May 2, 2025 11:55 PM IST
അമ്പലപ്പുഴ: കൺസ്യൂമർ ഫെഡ് ആലപ്പുഴ ഗവ. സർവന്റ്സ് സഹകരണ ബാങ്കുമായി ചേർന്ന് നടത്തുന്ന സ്റ്റുഡന്റ്സ് മാർക്കറ്റിനു തുടക്കമായി. വിദ്യാർഥികൾക്ക് ആവശ്യമായ വിവിധ കമ്പനികളുടെ സ്കൂൾ കോളജ് ബാഗുകൾ, നോട്ടുബുക്കുകൾ, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ ഉൾപ്പെടെയുള്ള വിവിധങ്ങളായ ഗുണമേന്മയുള്ള സാധനങ്ങൾ പൊതുവിപണിയിൽനിന്നു ലഭിക്കുന്നതിനേക്കാൾ വില കുറച്ചാണ് ഇവിടെനിന്ന് ലഭ്യമാക്കുക.
കളക്ടറേറ്റ് ജംഗ്ഷന് വടക്കുഭാഗത്തെ കണ്ണൻവർക്കി പാലത്തിനു സമീപത്തെ കയർഫെഡിന്റെ കയർ ക്രാഫ്റ്റ് ഷോറൂമിലാണ് ജൂൺ 30 വരെ സ്കൂൾ മാർക്കറ്റ് പ്രവർത്തിക്കുക. എച്ച്. സലാം എംഎൽഎ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ ആദ്യവിൽപ്പന നടത്തി. കയർ ക്രാഫ്റ്റ് അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ആലപ്പുഴ ഗവ. സർവന്റ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ്, സഹകരണ ജോയിന്റ് രജിസ്റ്റാർ (ജനറൽ) വി.കെ. സുബിന, അസി. രജിസ്ട്രാർ വി.സി. അനിൽകുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി. ഡിലീഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി.ഡി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.