രാസലഹരിയുടെ നീരാളിപ്പിടിത്തത്തിന്റെ ഉത്തരവാദിത്വം ഇടതുസര്‍ക്കാരിന്: സി.ആര്. മഹേഷ് എംഎല്‍എ
1547897
Sunday, May 4, 2025 11:31 PM IST
മാവേലിക്കര: രാസലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ കേരളത്തിലെ യുവതയെ എത്തിച്ചതിന്റെ ഉത്തരവാദിത്വം ഇടതു സര്‍ക്കാരിനെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് സി.ആര്. മഹേഷ് എംഎല്‍എ. കോണ്‍ഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിഭാധനരായ യുവത്വത്താല് സമ്പന്നമായ കേരളത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ലഹരി വില്പന അനുദിനം വര്ധിക്കുവാന് സംസ്ഥാന സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിരിക്കുന്നത് കേരള ജനതയ്ക്ക് പൊറുക്കുവാന്‍ പറ്റാത്ത തെറ്റാണെന്നും അതിനുള്ള മറുപടി അവര്‍ കരുതി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന്, നഗരസഭാ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍, വൈസ് ചെയര്‍പേഴ്സണ്‍ ടി. കൃഷ്ണകുമാരി, കെപിസിസി അംഗം കുഞ്ഞുമോള്‍ രാജു, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കെ. ഗോപന്, കോണ്‍ഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി. ഹരിപ്രകാശ്, ലളിത രവീന്ദ്രനാഥ്, എം.കെ. സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.