സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രശ്രമം: കെസിഇസി ജില്ലാ സമ്മേളനം
1547896
Sunday, May 4, 2025 11:31 PM IST
ചേർത്തല: സഹകരണ മേഖലയെ ഇല്ലാതാക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിനുള്ള ഇടപെടലുകൾ നടത്താൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐടിയുസി) ജില്ലാ സമ്മേളനം തീരുമാനിച്ചു.
കേരളത്തിലെ ബാങ്കിംഗ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിന് മുകളിൽ കൈകാര്യം ചെയ്യുന്നത് സഹകരണ മേഖലയാണ്. സഹകരണ മേഖലയെ തകർത്തു കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കാനും ഈ രംഗം കോർപറേറ്റുകൾക്ക് എഴുതിക്കൊടുക്കാനുമായുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ ഇടപെടലുകളെന്ന് ബോധ്യപ്പെടും വിധമാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന സഹകരണ മേഖലയിലെ ജീവനക്കാരെ അവഗണിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് സമ്മേളനം ആരോപിച്ചു.
കെസിഇസി സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൺ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.പി. പ്രകാശൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി വി.എൻ. സുരേഷ്ബാബു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി വി.ഡി. ഷൂബിമോൻ (പ്രസിഡന്റ്), പി.ആർ. രതീഷ് (സെക്രട്ടറി), സനൽകുമാർ (ട്രഷറർ).