ചെങ്ങന്നൂരിലെ ഗതാഗതപരിഷ്കാരം അശാസ്ത്രീയമെന്ന് വ്യാപക പരാതി
1547332
Friday, May 2, 2025 11:55 PM IST
ചെങ്ങന്നൂര്‍: ശാസ്ത്രീയമായ പഠനമോ കൃത്യമായ ആസൂത്രണമോ ഇല്ലാതെ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നടപ്പാക്കുന്ന പരിഷ്കാരം ഫലപ്രദമാകില്ലെന്ന് ആക്ഷേപം. നിര്‍ദേശങ്ങളില്‍ പലതും പ്രായോഗികമല്ലെന്നും ആക്ഷേപമുണ്ട്. പ്രധാനമായും കല്ലിശേരിയില്നിന്നു വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിലെ അവ്യക്തത യാത്രക്കാര്‍ക്കു തലവേദനയാകും.
കാറുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ (എല്‍എംവി) കല്ലിശേരിമംഗലം ബൈപാസ് വഴി പോകണമെന്നാണ് കല്ലിശേരിയില്‍ സ്ഥാപിച്ച ദിശാബോര്ഡിലെ നിര്‍ദേശം. എന്നാല്‍, ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചാണ് ഈ മാര്‍ഗമെന്നും കല്ലിശേരി ഭാഗത്തു നിന്നു ചെങ്ങന്നൂര്‍ നഗരത്തിലെത്തേണ്ട നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള ഹ്രസ്വദൂര യാത്രക്കാര്‍ ഇതു കണക്കിലെടുക്കേണ്ടെന്നുമാണു മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.
കല്ലിശേരി, തിരുവന്‍വണ്ടൂര്‍, പ്രാവിന്കൂട് ഭാഗത്തുള്ളവര്‍ക്കു ടൗണില്‍ പ്രവേശിക്കാന്‍ എംസി റോഡ് ഉപയോഗിക്കാം. മുളക്കുഴ, പന്തളം, കൊട്ടാരക്കര, തിരുവനന്തപുരം ഭാഗത്തേക്കു പോകേണ്ട ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ (കാര്‍, പിക്കപ് വാന്‍) ബൈപാസിലൂടെ തന്നെ കടന്നുപോകണം. പക്ഷേ നാട്ടുകാരല്ലാത്ത യാത്രക്കാര്‍ക്ക് ഇക്കാര്യം മനസിലാകണമെങ്കില്‍ ടൗണിലേക്കു പോകാന്‍ ഇതുവഴി എന്ന് ബോര്‍ഡ് കൂടി സ്ഥാപിക്കണമെന്നാണ് ആവശ്യം.
ബഥേല്‍ ത്രിവേണി റോഡില്‍ വണ്‍വേ സമ്പ്രദായം നടപ്പാക്കുമ്പോള്‍ ഈ റോഡരികിലെ താമസക്കാര്‍ക്ക് ഇളവു നല്‍കിയിട്ടുണ്ട്. ഇക്കാര്യം നടപ്പാക്കാനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പേരിശേരി മഠത്തുംപടി ഭാഗത്തുനിന്നെത്തുന്നവര് വെള്ളാവൂര്‍ ജംഗ്ഷനിലെത്തി എംസി റോഡില്‍ കടക്കണമെന്നാണു നിര്‍ദേശം.