മുതുകുളത്തെ വിറപ്പിച്ച് തെരുവുനായ്ക്കൾ
1547899
Sunday, May 4, 2025 11:31 PM IST
മുതുകുളം: തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും വർധിച്ചതോടെ മുതുകുളം പഞ്ചായത്തിൽ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം മുതുകുളം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ പത്തോളം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു.
വളർത്തുമൃഗങ്ങളെയും നായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നതു പതിവായി. തെരുവുനായശല്യത്തിനെതിരേ പഞ്ചായത്ത് ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.
സാമൂഹികാരോഗ്യകേന്ദ്രം, മുതുകുളം പാണ്ഡവർകാവ്, ഷാപ്പുമുക്ക്, പുത്തൻചന്ത, കൊല്ലകൽ, ഇലങ്കം, വാരണപ്പള്ളിൽ, വെട്ടത്തുമുക്ക് തുടങ്ങിയ ഭാഗങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. നായ്ക്കൂട്ടത്തെ പേടിച്ച് കുട്ടികളെ മുറ്റത്തേക്കിറക്കാൻ പോലും വീട്ടുകാർ ഭയപ്പെടുകയാണ്. മുതിർന്നവർ വടിയുമായാണ് പുറത്തേക്കിറങ്ങുന്നത്. മൂന്നു മാസം മുമ്പ് മുതുകുളത്തിന്റെ വടക്കൻ പ്രദേശത്ത് അഞ്ചുപേർക്ക് നായയുടെ കടിയേറ്റു. കൂടാതെ പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലേക്കുവന്ന ഭക്തയെ തെരുവുനായ കടിച്ചു. ഏതാനും മാസം മുമ്പ് ക്ഷേത്രത്തിലെത്തിയ കൊച്ചുകുട്ടിക്കുനേരേ നായ്ക്കൂട്ടം പാഞ്ഞടുത്തെങ്കിലും അവിടെയുണ്ടായിരുന്ന യുവാക്കൾ രക്ഷകരായി.
അഞ്ചാം വാർഡ് ആലുംചുവടിനു കിഴക്കു ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ സൈക്കിളിൽനിന്ന് വീണ് അഞ്ചാം ക്ലാസുകാരനു പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് നായ്ക്കൂട്ട ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഇരുചക്രവാഹനക്കാർക്കും തെരുവുനായ്ക്കൾ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അപ്രതീക്ഷിതമായി റോഡിനു കുറുകെ ചാടുന്ന നായ്ക്കളെ ഇടിച്ച് ഒട്ടേറെ അപകടങ്ങളാണുണ്ടാകുന്നത്. മുമ്പ് മുതുകുളം സ്റ്റാർ ജംഗ്ഷനു സമീപം നായയെതട്ടി സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും മകൾക്കും പരിക്കേറ്റിരുന്നു. വന്ദികപ്പള്ളി പെട്രോൾ പമ്പിനു മുന്നിൽ സമാനമായ രീതിയിൽ ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും അപകടമുണ്ടായിട്ടുണ്ട്. വെട്ടത്തുകടവ് റോഡിൽ രണ്ടു തവണ നായയെതട്ടി സ്കൂട്ടർ മറിഞ്ഞ് സ്ത്രീകൾക്കു സാരമായി പരിക്കേറ്റിട്ടുമുണ്ട്.
കൂടാതെ, കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയും നായ്ക്കൂട്ടം കടിച്ചുകൊല്ലുന്നു. വീടിനു പുറത്തു സൂക്ഷിക്കുന്ന ഇരുചക്രവാഹനങ്ങളുടെ സീറ്റും കേബിളുമെല്ലാം കടിച്ചുകീറി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുതുകുളത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും നിയന്ത്രിക്കാൻ യാതൊരു നടപടിയുണ്ടാകാത്തതു നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.