ബന്ധുവീട്ടിലെത്തിയ യുവാവ് മുങ്ങി മരിച്ചു
1547670
Sunday, May 4, 2025 4:00 AM IST
എടത്വ: ബന്ധുവീട്ടിലെത്തിയ യുവാവ് പമ്പാനദിയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശങ്കരന്കുളത്തിയില് ജിതിന് മാത്യു (36) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.15ന് എടത്വ മങ്ങാട്ട് കടവിലാണ് അപകടം. ഭാര്യവീടായ നിരണത്ത് എത്തിയ ശേഷം ബന്ധുവായ എടത്വ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുന്തിരിക്കല്‍ പള്ളിക്ക് സമീപം കല്ലൂപ്പറമ്പ് ബിനുവിന്റെ വീട്ടില്‍ ഇന്നലെ രാവിലെ എത്തിയതാണ് ജിതിന് മാത്യു.
സമീപത്തെ മങ്ങാട്ട് കടവില്‍ കുളിക്കുന്നതിനിടെ കാല് വഴുതി ആഴത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ജിതിനെ നദിയില്‍നിന്ന് കണ്ടെത്തി എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ജാന്‍സി.