ലഹരിക്കെതിരേ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ
1547671
Sunday, May 4, 2025 4:00 AM IST
ചെങ്ങന്നൂർ: ലഹരി മാഫിയകൾക്കെതിരേ പൊതുസമൂഹം വൻമതിൽ പണിയണമെന്ന് ചെങ്ങന്നൂർ ജോയിന്റ് ആർടിഒ ആർ. പ്രസാദ്. തലമുറകളെ ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ഷുദ്ര ശക്തികൾക്കെതിരേ പല്ലും നഖവും ഉപയോഗിച്ച് ഓരോ വ്യക്തിയും പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിലെ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ വാഹന സന്ദേശയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും യാത്ര ഫ്ളാഗ്ഓഫ് ചെയ്യുകയും ചെയ്തു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. അഭിലാഷ് ലഹരിവിരുദ്ധ സന്ദേശം നൽകി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. ശ്യാംകുമാർ, അസോസിയേഷൻ പ്രസിഡന്റ് സണ്ണി യോഹന്നാൻ, സെക്രട്ടറി സുനിൽ ഡി. വള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാരയ്ക്കാട്, പുത്തൻകാവ്, ചെങ്ങന്നൂർ ടൗൺ, കല്ലിശേരി, പ്രാവിൻകൂട്, തിരുവൻവണ്ടൂർ, പാണ്ടനാട്, മാന്നാർ, ബുധനൂർ, പുലിയൂർ, ചെറിയനാട് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സന്ദേശയാത്ര കൊല്ലകടവിൽ സമാപിച്ചു.