എടത്വ പള്ളിയിലേക്ക് തീര്‍ഥാടക പ്രവാഹം
1547903
Sunday, May 4, 2025 11:31 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തീര്‍ഥാടക പ്രവാഹം. എട്ടാം ദിനമായ ഇന്നലെ പള്ളിയും പരിസരവും ഭക്തജനങ്ങളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. തമിഴ് വിശ്വാസികളാണ് അധികവും. തമിഴ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞദിവസം പരസ്യവണക്കത്തിനായി തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചതു മുതല്‍ തീര്‍ഥാടകരുടെ നിലയ്ക്കാത്ത ഒഴുക്കാണ്. തിരുസ്വരൂപം വണങ്ങാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന സെന്റ് അലോഷ്യസ് കോളജ്, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, ജോര്‍ജിയന്‍ പബ്ളിക് സ്കൂള്‍ എന്നീ ഗ്രൗണ്ടുകള്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞുകവിഞ്ഞു.
എടത്വ തിരുനാളിന് തിരക്കു കൂടിയതോടെ ടൗണില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. കെഎസ്ആര്‍ടിസിയുടെ താത്കാലിക ഡിപ്പോ സെന്റ് അലോഷ്യസ് കോളജ് ഗ്രൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.