സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; ജില്ലയിലെ വാര്‍ഷികാഘോഷം 6 മുതല്‍ 12 വരെ
1547905
Sunday, May 4, 2025 11:31 PM IST
ആലപ്പുഴ: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലയിലെ ആഘോഷം 6 മുതല്‍ 12 വരെ ആലപ്പുഴ ബീച്ചില്‍ നടക്കും. പിണറായി വിജയന് പങ്കെടുക്കുന്ന ജില്ലാതല യോഗം ആറിന് രാവിലെ 10.30ന് ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്വന്ഷന് സെന്ററിലും നടക്കും. ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികള്‍ പങ്കെടുക്കും.
സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, ട്രേഡ് യൂണിയന്, തൊഴിലാളി പ്രതിനിധികള്‍, യുവജനത, വിദ്യാര്‍ഥികള്‍, സാംസ്കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇവരുമായി മുഖ്യമന്ത്രി സംവദിക്കും. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.
പ്രദര്‍ശന വിപണനമേള
സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 6 മുതല്‍ 12 വരെ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ 200 ശീതീകരിച്ച സേവന- വാണിജ്യ സ്റ്റാളുകള്‍, ഭക്ഷ്യമേള, സിനിമ പ്രദര്‍ശനം, തീം സ്റ്റാള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകള്‍, പ്രമുഖ കലാകാരന്മാരുടെ കലാസന്ധ്യ തുടങ്ങിയവയും അരങ്ങേറും.
രാവിലെ 10 മുതല്‍ രാത്രി 9 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. കൃഷി മന്ത്രി പി. പ്രസാദ് ചെയര്‍മാനും മന്ത്രി സജി ചെറിയാന് കോ-ചെയര്‍മാനും ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ജനറല്‍ കണ്‍വീനറുമായ ജില്ലാതല സംഘാടകസമിതിയാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്.
ഉദ്ഘാടന സമ്മേളനം ആറിന്
ആറിനു വൈകിട്ട് മൂന്നിന് മന്ത്രി പി. പ്രസാദ് എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, യു. പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
വിളംബരജാഥ അഞ്ചിന്
മേളയുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വിളംബരജാഥ അഞ്ചിന് തിങ്കളാഴ്ച്ച വൈകിട്ട് 4.30ന് കളക്ടറേറ്റില്‍ നിന്നാരംഭിച്ച് ആലപ്പുഴ ബീച്ചില്‍ അവസാനിക്കും. മന്ത്രി സജി ചെറിയാന് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി പി. പ്രസാദ് പങ്കെടുക്കും.
ദിവസവും സെമിനാറുകള്‍,
കലാപരിപാടികള്‍
മേയ് ഏഴിന് രാവിലെ 10 മുതല്‍ കൃഷിവകുപ്പിന്റെ മാറുന്ന കാലം, മാറേണ്ട കൃഷിരീതി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം വനിതാ വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകളിലെ ആത്മഹത്യ പ്രവണത എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ദലീമ ജോജോ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴു മുതല്‍ മര്‍സി ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ നടക്കും.
എട്ടിന് രാവിലെ പത്തുമുതല്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴുമുതല്‍ പ്രമോദ് വെളിയനാടും സംഘവും അവതരിപ്പിക്കുന്ന കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ നാടകം മാടന് മോക്ഷം അരങ്ങേറും.
ഒമ്പതിന് രാവിലെ 10 മുതല്‍ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം തോമസ് കെ. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമുതല്‍ സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിയും കുറ്റകൃത്യങ്ങളും -സാമൂഹ്യപ്രതിരോധ പരിപാടികളില്‍ യുവജന പങ്കാളിത്തം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എസ്.എം. ഹുസൈന് ഉദ്ഘാടനം ചെയ്യും.
വികസന പ്രശ്നോത്തരി
10ന് ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ ഡോ. ആര് സേതുനാഥിന്റെ നേതൃത്വത്തില്‍ എന്റെ കേരളം വികസന പ്രശ്നോത്തരി നടക്കും. സര്‍ക്കാരിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരിയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഭക്ഷ്യമേള
മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 10,000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 300 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും. പുറത്തുനിന്നുള്ള പ്രമുഖ ഹോട്ടലുകളും ഭക്ഷ്യമേളയില്‍ പങ്കെടുക്കും.
ബീച്ചില്‍ ക്രമീകരണങ്ങള്‍
അവസാനഘട്ടത്തില്‍
72,000 ചതുരശ്ര അടിയില്‍ അത്യാധുനിക ജര്‍മന്‍ ഹാംഗറിലാണ് പ്രദര്ശനമേളയ്ക്കുള്ള പവലിയന് ഒരുക്കുന്നത്. പന്തല്‍ ശീതീകരിച്ചതാണ്. സന്ദര്‍ശകര്‍ക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകള്‍ ചുറ്റിനടന്നു കാണാന്‍ പാകത്തിനാണ് പവലിയനുള്ളിലെ ക്രമീകരണങ്ങള്‍. ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കലാപരിപാടികള്‍ക്കായി 8000 ചതുരശ്ര അടിയിലുള്ള വിശാലമായ സദസും 2048 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റേജും ഒരുക്കിയിട്ടുണ്ട്. പ്രദര്ശനമേളക്കെത്തുന്ന കുട്ടികള്‍ക്കായി 5000 ചതുരശ്ര അടിയില്‍ വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.
200 സ്റ്റാളുകള്‍ക്കു പുറമേ കിഫ്ബി, പിആര്‍ഡി, കൃഷി, ടൂറസം തുടങ്ങിയ വിവിധ വകുപ്പുകളുടെ വകുപ്പുകളുടെ തീം സ്റ്റാളും ഉണ്ട്. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനസമയം. അഗ്നിരക്ഷാസേന, പോലീസ്, ആംബുലന്‍സ്, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം, കുടിവെള്ളം, ശുചിമുറി സംവിധാനം എന്നിവയും പ്രദര്‍ശന വേദിയില്‍ ഒരുക്കിയിട്ടുണ്ട്.
സിനിമാസ്വാദകര്‍ക്കായി തിയറ്ററും
കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ 1500 ചതുരശ്ര അടിയിലുള്ള സിനിമ തിയറ്ററും പ്രദര്‍ശനമേളയിൽ ഒരുക്കുന്നുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും ചേര്‍ന്നാണ് ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നത്. കൂടാതെ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ വീഡിയോകളും ഇവിടെ പ്രദര്‍ശിപ്പിക്കും.
സമാപനസമ്മേളനം 12ന്
മേയ് 12ന് വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് സ്വാഗതം ആശംസിക്കും. മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും.