അരൂര്‍-തുറവൂര്‍ സമാന്തരപാത ; അറ്റകുറ്റപ്പണിക്ക് അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ ഗുരുതര അനാസ്ഥ: കെ.സി. വേണുഗോപാല്‍ എംപി
1547893
Sunday, May 4, 2025 11:31 PM IST
തുറവൂർ: ദേശീയപാത പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ മേഖലയില്‍ ദേശീയപാതയ്ക്കു സമാന്തരപാത ശക്തിപ്പെടുത്താന്‍ ദേശീയപാതാ അഥോറിറ്റി അനുവദിച്ച തുക രണ്ടു മാസമായിട്ടും ചെലവഴിക്കാത്തത് പൊതുമരാമത്തു വകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്ന് കെ.സി. വേണുഗോപാല്‍ എംപി.
എട്ടരക്കോടി രൂപയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ദേശീയപാതാ അഥോറിറ്റി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കൈമാറിയത്. ഉയരപ്പാത നിര്‍മാണമേഖലയില്‍ ഗതാഗതക്കുരുക്കും അപകടമരണങ്ങളും പതിവായതോടെയാണ് കെ.സി. വേണുഗോപാല്‍ എംപി പ്രശ്നപരിഹാരത്തിനായി യോഗം വിളിച്ചുചേര്‍ത്തത്. സമാന്തരപാതകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതം വഴിതിരിച്ചുവിടാന്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. തുറവൂര്‍ - കുമ്പളങ്ങി റോഡും തുറവൂര്‍ - മാക്കേക്കടവ് റോഡും ശക്തിപ്പെടുത്തി പകരം ഗതാഗതമാര്‍ഗം തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും പണം തടസമായി.
ഇതിനിടെ വേണുഗോപാൽ ചെയർപേഴ്സണായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അരൂർ - തുറവൂർ മേഖലയിൽ സന്ദർശനം നടത്തി നിർമാണ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ പഠിക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രാലയത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന ദേശീയപാതാ പുനര്‍നിര്‍മാണ അവലോകന യോഗത്തില്‍ എം.പി. ഇതിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ദിവസേന ഒന്നരമണിക്കൂര്‍ വരെ നീളുന്ന ഗതാഗതക്കുരുക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളും കുറയ്ക്കാന്‍ തുക ലഭിച്ചിട്ടും ചെലവഴിക്കുന്നതില്‍ ഗുരുതരമായ അനാസ്ഥയാണ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടായിരിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്നും സമാന്തരപാതകള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ ആവശ്യപ്പെട്ടു.