നാഗ്പൂരിലെ തലച്ചോറിൽനിന്നുത്ഭവിക്കുന്ന തീരുമാനങ്ങളാണ് പാർലമെന്റിൽ നിയമങ്ങളായി മാറുന്നതെന്ന് എംപി
1547894
Sunday, May 4, 2025 11:31 PM IST
അന്പലപ്പുഴ: നാഗ്പൂരിലെ തലച്ചോറിൽനിന്നുത്ഭവിക്കുന്ന തീരുമാനങ്ങളാണ് പലപ്പോഴും പാർലമെന്റിൽ നിയമങ്ങളായി മാറുന്നതെന്ന് കെ.സി. വേണുഗോപാൽ എം പി. ഭരണാഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ താലുക്ക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വളഞ്ഞവഴിയിൽ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
സ്നേഹമെന്ന വാക്കിനെ വെറുപ്പാക്കി മാറ്റിയിരിക്കുകയാണ് മോദി സർക്കാർ. ഭരണാധികാരികൾ തലച്ചോറു കൊണ്ടല്ല ഹൃദയം കൊണ്ടാണ് നിയമം നിർമിക്കേണ്ടത്.
തലച്ചോറുകൊണ്ടു നിർമിക്കുന്ന നിയമത്തിൽ മനുഷ്യത്വം കാണില്ലെന്നും എം പി. പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സി.എ. സലിം ചക്കിട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വൈകിട്ട് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് അങ്കണത്തിൽനിന്നാരംഭിച്ച റാലിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. റാലി വളഞ്ഞവഴിയിൽ സമാപിച്ചു. എച്ച്. സലാം എംഎൽഎ മുഖ്യാതിഥിയായിരുന്നു. എൻ. അലി അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എ. താഹ പുറക്കാട്, ട്രഷറർ ഇബ്രാഹിംകുട്ടി വിളക്കേഴം, സി.ആർ.പി. അബ്ദുൾ ഖാദർ, നവാസ് പൊഴിക്കര, എച്ച്. ബഷീർ, യു. നാസർ, സലിം പഴയങ്ങാടി, വഹാബ് പറയൻ തറ, ലത്തീഫ് തോട്ടപ്പള്ളി, സാദിഖ് മുസ്ലിയാർ കരുമാടി എന്നിവർ പ്രസംഗിച്ചു.