കർഷകർക്ക് കനത്ത തിരിച്ചടി: കൊട്ടടയ്ക്ക വില കുറയുന്നു
1547901
Sunday, May 4, 2025 11:31 PM IST
പൂച്ചാക്കല്‍: കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് കൊട്ടടയ്ക്കയുടെ വില താഴോട്ട്. ഈ സീസണില്‍ കിലോ 350-400 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 300-305 രൂപയാണ് ഇപ്പോള്‍ വില. രണ്ടു വര്‍ഷം മുന്‍പ് 450-500 രൂപ വരെയും വില ലഭിച്ചിരുന്നു. വില കൂടിയതോടെ ധാരാളം കര്‍ഷകര്‍ കവുങ്ങ് കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. പഴക്കടക്ക കിലോക്ക് 80 രൂപയും പച്ച അടയ്ക്ക 60 രൂപയുമാണ് വില. ഈ വര്‍ഷം എല്ലാ തോട്ടങ്ങളിലും വിളവുണ്ടായിട്ടുണ്ടെങ്കിലും മഹാളി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം കവുങ്ങുകള്‍ വ്യാപകമായി നശിക്കുകയാണ്.
ഇതേത്തുടര്‍ന്ന് അടയ്ക്കയുടെ വരവ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ ഇറക്കുമതി തുടങ്ങിയതോടെ ആറു മാസമായി അടയ്ക്ക വില ഇടിയുകയായിരുന്നു. വില വര്‍ധിക്കുമെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ അടയ്ക്ക കരുതി വച്ച കര്‍ഷകര്‍ക്കും വിലയിടിവ് തിരിച്ചടിയായി.
മഹാളി രോഗത്തിനു പുറമേ മഞ്ഞളിപ്പ്, കൂമ്പുചീയല്‍, കായ്ചീയല്‍, ചുവട് ചീയല്‍, പൂങ്കുലയുണങ്ങല്‍ എന്നിവയും കവുങ്ങ് കൃഷിക്ക് വെല്ലുവിളിയാണ്. ഇതുമൂലം അടയ്ക്ക ഉത്പാദനം കുറഞ്ഞതിനിടെയാണ് ഇരുട്ടടിയായി വിലയും താഴ്ന്നത്. മ്യാന്മാര്, ശ്രീലങ്ക, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അടയ്ക്ക പാന്‍ മസാല വ്യവസായികള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സംസ്കരിച്ച് ഉണക്കി സൂക്ഷിച്ച അടയ്ക്കാണ് കര്‍ഷകര്‍ ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്.
കവുങ്ങില്‍ കയറി അടയ്ക്ക ശേഖരിക്കാന്‍ കയറ്റക്കാരെ കിട്ടാത്തതും വളക്കുറവ് മൂലമുള്ള ഉത്പാദനക്കുറവും കര്‍ഷകര്‍ അനുഭവിക്കുന്ന മറ്റ് പ്രശ്നങ്ങളാണ്.