പിക്കപ്പ് വാനിടിച്ച് ടെലിഫോണ്‍ ജംഗ്ഷന് ബോക്സ് തകര്‍ന്നു
1509999
Friday, January 31, 2025 11:43 PM IST
എടത്വ: നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ജംഗ്ഷന് ബോക്സ് തകര്‍ന്നു. എടത്വ-തകഴി സംസ്ഥാന പാതയില്‍ പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്‍വശത്തെ ജംഗ്ഷന് ബോക്സാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് ഓറഞ്ച് കയറ്റി പോയ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് കയറിയശേഷം ബോക്സ് തകര്‍ക്കുകയായിരുന്നു.
സമീപത്തെ യാഡില്‍ ഉറങ്ങിക്കിടന്നവര്‍ ഓടിയെത്തിയെങ്കിലും വാഹനം കണ്ടിരുന്നില്ല. പിന്നീട് സ്കൂളിലെ സിസിറ്റിവി ദൃശ്യം പരിശോധിച്ച ശേഷമാണ് ഇടിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇടിച്ച വാഹനം സംഭവസ്ഥലത്തുനിന്ന് ഇരുനൂറ് മീറ്റര്‍ അകലെയായി നിര്‍ത്തിയിട്ടിരുന്നു. അപകടത്തില്‍ ഡ്രൈവറിനു പരിക്കില്ല.