എടത്വ പഞ്ചായത്ത് ഡിജിറ്റല്‍ മാപ്പ് തയാറാക്കാന്‍ സ്ട്രീം ഹബ് പ്രോജക്ടുമായി വിദ്യാര്‍ഥികള്‍
1509687
Friday, January 31, 2025 2:38 AM IST
എടത്വ: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന പ്രോജക്ട് ബേസ്ഡ് ലേണിംഗിന്റെ ഭാഗമായി എടത്വ പഞ്ചായത്തിലെ വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.
സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക്സ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഹരിത കേരള മിഷന് ആലപ്പുഴ, എടത്വ പഞ്ചായത്ത് എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് നിര്‍വഹിച്ചു. പി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ജെയിന് മാത്യു, ബിപിസി ജി. ഗോപലാല്‍, ബിആര്‍സി ട്രെയിനര്‍ ഷിഹാബ് നൈന, മായാ ലക്ഷ്മി, അജിതകുമാരി, മാത്യു ടോജോ, ജെസ്റ്റലിന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഭൂവിവര വ്യവസ്ഥാ സോഫ്റ്റ്വേര്‍ പരിചയപ്പെടുത്തി. വിവരശേഖരണം നടത്തുന്നതിനായി കുട്ടികള്‍ക്കായുള്ള ഏകദിന ശില്പശാലയും നടന്നു.
എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് പ്രതിനിധി ഡോ. ബിബിന്‍ തമ്പി ക്ലാസിനു നേതൃത്വം നല്കി. ഫെബ്രുവരി മാസത്തിലെ അവധി ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികള്‍ വിവരശേഖരണം നടത്തുകയും പഞ്ചായത്തിന്റെ വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ മാപ്പ് തയാറാക്കി പഞ്ചായത്തിന് സമര്‍പ്പിക്കുകയും ചെയ്യും. തലവടി ബിആര്‍സി നേതൃത്വം നല്‍കും.