കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്ക്
1509987
Friday, January 31, 2025 11:43 PM IST
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന് (50), സഹോദരന് രാമചന്ദ്രന് (55), പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന് (70) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ഗംഗാധരന്, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്. രാമചന്ദ്രന്റെ കാലിലും കടിയേറ്റു. നായയുടെ കടിയേറ്റ് ഗംഗാധരന് ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.
അയല്‍വാസിയുടെ ബന്ധുവിന്റെ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഗംഗാധരനും രാമചന്ദ്രനും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാര്‍ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. നായയ്ക്ക് പേയുണ്ടെന്ന് സംശയമുണ്ട്.