തദ്ദേശ വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന് ജില്ലാതല ഹിയറിംഗ് നടന്നു
1509335
Wednesday, January 29, 2025 11:36 PM IST
ആലപ്പുഴ: ജില്ലയിലെ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദേ ശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനുള്ള ജില്ലാതല ഹിയറിംഗ് (നേര്‍വിചാരണ) സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍നിന്ന് ആകെ 723 പരാതികളാണ് ഉണ്ടായിരുന്നത്. തകഴി, ദേവികുളങ്ങര, പുളിങ്കുന്ന്, വെണ്മണി എന്നീ നാല് പഞ്ചായത്തു പരിധിയില്‍നിന്ന് ആക്ഷേപം ഉയര്‍ന്നില്ല. ആലപ്പുഴ നഗരസഭാ പരിധിയില്‍ 98 ആക്ഷേപങ്ങള്‍ ഉന്നയച്ചിട്ടുണ്ട്. അതിര്‍ത്തി സംബന്ധിച്ചും വാര്‍ഡിന്റെ പേര് മാറ്റിയതും വാസഗൃഹങ്ങള്‍ തൊട്ടടുത്ത വാര്‍ഡിലേക്ക് കൂട്ടിചേര്ത്തതുമായ പരാതികളാണ് കൂടുതലായും കമ്മീഷന് മുമ്പില്‍ എത്തിയത്.
ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, കമ്മീഷന് സെക്രട്ടറിയും എല്‍എസ് ജിഡി ജോ. ഡയറക്ടറുമായ എസ്. ജോസ്നമോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി. സുനില്‍കുമാര്‍, ആലപ്പുഴ എല്‍എസ് ജിഡി ജോ. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. അലക്സ് തുടങ്ങിയവരും ഹിയറിംഗില്‍ പങ്കെടുത്തു.