ആസിഡ് ആക്രമണം: മുൻ സൈനികന് പത്തുവർഷം തടവും അഞ്ചരലക്ഷം രൂപ പിഴയും
1509995
Friday, January 31, 2025 11:43 PM IST
ഹരിപ്പാട്: സഹോദരിയുടെ മകനെയും ഏഴു വയസുള്ള മകൾ ഉൾപ്പെടെ അഞ്ചുപേരുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ മുൻ സൈനികൻ ചേപ്പാട് പഞ്ചായത്ത് ഏഴാം വർഡിൽ തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായർക്ക് (61) പത്തു വർഷം തടവും അഞ്ചരലക്ഷം രൂപാ പിഴയും.
ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി.
2017 ജനുവരി 23ന് രാത്രി 10.30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് .
ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം രാത്രി ഏഴോടെ പ്രതിയായ പ്രസന്നൻ നായർ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേലിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത മറ്റൊരു സഹോദരി രാധയുടെ മകൻ ചേപ്പാട് കണിച്ചനല്ലൂർ ഹരിഭവനിൽ അരുണിനെ പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്ന സൾഫ്യൂറിക് ആസിഡ് മഗിൽ ഓഴിച്ചു കൊണ്ടുവന്ന് അരുണിന്റെ ദേഹത്തും കൂടെയുണ്ടായിരുന്ന ഏഴു വയസ് പ്രായമുള്ള മകളുടെയും സഹോദരൻ അഖിൽ, ജയകൃഷ്ണൻ, അയൽവാസി ശാന്തമ്മാൾ, എന്നിവരുടെ ദേഹത്തും ഒഴിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതി രണ്ടു തവണ വിവാഹിതനാവുകയും ഭാര്യമാർ ഉപേക്ഷിച്ചിട്ട് പോവുകയും ചെയ്തതാണ്.