പറവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ശതാബ്ദി ആഘോഷം
1509997
Friday, January 31, 2025 11:43 PM IST
അമ്പലപ്പുഴ: പറവൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ശതപൂര്‍ണിമ എന്ന പേരില്‍ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. എച്ച്. സലാംഎംഎല്എ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ചരിത്രം ആലേഖനം ചെയ്ത് ഫോക്ലോർ അക്കാഡമി അവാര്‍ഡ് ജേതാവും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമായ പുന്നപ്ര ജ്യോതികുമാര്‍ രചിച്ച്, ചലച്ചിത്ര പിന്നണി ഗായകനും പൂര്‍വവിദ്യാര്‍ഥിയുമായ സുദീപ് കുമാര്‍ സംഗീതം നല്കി ആലപിച്ച ശതാബ്ദി ഗീതം എച്ച്. സലാം എംഎല്‍എ പ്രകാശനം ചെയ്തു.
സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആലപ്പുഴ രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ അധ്യക്ഷനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്, ഡെപ്യൂട്ടി കളക്ടര്‍ സി. പ്രേംജി എന്നിവര്‍ സ്്കൂളിലെ വിദ്യാര്‍ഥികളായിരുന്ന അഞ്ച് തലമുറകള്‍ക്ക് വിജ്ഞാനദീപം പകര്‍ന്നു നല്കി. ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, പഞ്ചായത്തംഗം കെ. ആനന്ദന്, ഫാ. ആന്റണി കട്ടിക്കാട്, അധ്യാപകരായ ലീന തെരേസ, എലിസബത്ത് ബേബി, കെ.ജെ. നോബിള്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. വിശ്വനാഥന് ആമുഖ പ്രഭാഷണം നടത്തി. പ്രധാന അധ്യാപകന് സെബാസ്റ്റ്യന്‍ കാര്‍ഡോസ് സ്വാഗതം പറഞ്ഞു.