സംരക്ഷണ വേലിയില്ല; ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു
1509338
Wednesday, January 29, 2025 11:36 PM IST
ചെങ്ങന്നൂർ: സംരക്ഷണവേലിയില്ലാത്ത ട്രാൻസ്ഫോർമർ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. ഇറപ്പുഴ -ചൂരയ്ക്കാട്ട് കടവ് വായനശാല റോഡിൽ മുളയ്ക്കപ്പടിയിലാണ് അപകടകരമായ രീതിയിൽ ട്രാൻസ്ഫോർമാർ സ്ഥിതി ചെയ്യുന്നത്. സ്കൂൾ വിദ്യാർഥി കൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്.
നിരവധി തവണ കല്ലിശേരി സബ് സ്റ്റേഷനിൽ പരാതി നല്കിയട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലന്നും ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ട്രാൻസ്ഫോർമറിന് സംരക്ഷണവേലി കെട്ടുന്നതിനുള്ള നടപടികൾ അധികാരികൾ കൈകൊള്ളണമെന്ന് ആറാം വാർഡ് കൗൺസിലർ ഏബ്രഹാം ജോസ് ആവശ്യപ്പെട്ടു.
കല്ലിശേരി സബ് സ്റ്റേഷന്റെ പരിധിയിലുള്ള ട്രാൻസ്ഫോർമറിന് സംരക്ഷണവേലി കെട്ടണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടതാണ്. ട്രാൻസ്ഫോർമറിനു ചുറ്റും കാടുപിടിച്ച് കാൽനടയാത്രക്കാർക്കുപോലും ഭീക്ഷണിയാകുന്നുവെന്ന് മനസിലാക്കി തൊഴില്ലാപ്പ് തൊഴിലാളികൾ, കണ്ടിജന്റ് ജീവനക്കാർ എന്നിവരും കെഎസ്ഇബി ജീവനക്കാരും ഇവിടെ വൃത്തിയാക്കാറുണ്ട്.
എങ്കിലും ദിവസങ്ങൾക്കകം പുല്ല് ആർത്തുകിളിർക്കുന്ന സ്ഥിതിയാണ്. നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ അടിയന്തരമായി സംരക്ഷണ വേലി കെട്ടണം. വർഷങ്ങൾക്ക് മുൻപുതന്നെ ചെങ്ങന്നൂർ സെക്ഷനിൽ നിരവധി തവണ പരാതി കൊടുത്തിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഇപ്പോൾ ഈ പ്രദേശം കല്ലിശേരി സബ് സ്റ്റേഷന്റെ പരിധിയിലാണ്. അപകടകരമായി നിൽ ക്കുന്ന ട്രാൻസ്ഫോർമറിന് അടിയന്തരമായി സംരക്ഷണ വേലികെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.