കര്‍ഷകത്തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു
1509991
Friday, January 31, 2025 11:43 PM IST
മങ്കൊമ്പ്: കുട്ടനാട് കാര്‍ഷിക മേഖലാ വ്യവസായ സമിതിയുടെ യോഗത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു. തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
സ്ത്രീ തൊഴിലാളികള്‍ക്ക് 650 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 1100 രൂപയും വിത, വളം ഇടീല് ഏക്കറിന് 1000 രൂപയും മരുന്ന് തളിക്കല്‍ നടിച്ചിലിന് മുന്‍പ് ഏക്കറിന് 800 രൂപയും നടിച്ചിലിനുശേഷം 900 രൂപയും കുറ്റിപ്പമ്പ് നടിച്ചിലിന് മുന്‍പ് ഒരു കുറ്റിക്ക് 110 രൂപയും നടിച്ചിലിനുശേഷം 120 രൂപയുമായി നിശ്ചയിച്ചു. ചുമടുരംഗത്ത് നെല്ല് പാടത്തുനിന്ന് ചാക്കില്‍ നിറയ്ക്കുന്നതിന് 45 രൂപയും നെല്ല് തൂക്കി കളത്തില്‍നിന്നും ചുമന്ന് വള്ളത്തില്‍ കയറ്റുന്നതിന് അന്‍പത് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ 120 രൂപയും അന്‍പത് മീറ്റര്‍ കഴിഞ്ഞുവരുന്ന ഒരോ ഇരുപത്തിയഞ്ച് മീറ്ററിനും 15 രൂപ അധികമായി നല്‍കുന്നതിനും നിശ്ചയിച്ചു.
കളത്തില്‍നിന്നു നെല്ല് തൂക്കി ചുമന്ന് ലോറിയില്‍ അട്ടിവയ്ക്കുന്നതിന് 135 രൂപയും കടവുകളില്‍നിന്ന് ലോറിയില്‍ കയറ്റുന്നതിന് 45 രൂപയും വള്ളത്തില്‍നിന്ന് ചുമന്ന് ലോറിയില്‍ അട്ടിവയ്ക്കുന്നതിന് 50 രൂപയും ആയി നിശ്ചയിച്ചു. ചാക്കുകളില്‍ നെല്ല് 50 കിലോയായി നിജപ്പെടുത്തണമെന്നും തീരുമാനിച്ചു.
യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം. സുനില്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എല്‍. സതീഷ് കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ദീപു ഫിലിപ്പ്, തൊഴിലാളി സംഘടനാ പ്രതിനിധികളായി ആര്. അനില്‍കുമാര്‍, ജോസ് തോമസ്, തൊഴിലുടമ സംഘടനകളെ പ്രതിനിധികരിച്ച് എസ്. സുധിമോന്‍, എന്‍. കെ. വേണുഗോപാല്‍, വി.കെ. സേവ്യര്‍, ബോബിമോന് എന്നിവര്‍ പങ്കെടുത്തു.
കൂലിവര്‍ധന
അംഗീകരിക്കില്ലെന്ന്
മങ്കൊമ്പ്: കാര്‍ഷിക മേഖലയില്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ച നടപടി താനും തന്റെ പാര്‍ട്ടിയും അംഗീകരിക്കില്ലെന്നുകാട്ടി ലേബര്‍ കമ്മീഷണര്‍ക്കു കത്തുനല്‍കിയതായി ഐആര്‍സി അംഗം ജോണിച്ചന് മണലി അറിയിച്ചു. കുട്ടനാട്ടിലെ കര്‍ഷകരുടെ ഉത്പന്നമായ നെല്ലിന്റെ വില വര്‍ധിപ്പിച്ചു നല്‍കാതെ കൂലി കൂട്ടുന്നത് അംഗീകരിക്കാനാവില്ല. തന്റെ വിയോജിപ്പ് മിനിറ്റ്സില്‍ രേഖപ്പെടുത്തണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നതായി അദ്ദേഹം അറിയിച്ചു.