ക്ഷേത്രഭൂമി വിട്ടുനല്‍കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
1509998
Friday, January 31, 2025 11:43 PM IST
ചേര്‍ത്തല: ക്ഷേത്രഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടുനല്‍കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമത്തില്‍ തണ്ണീര്‍മുക്കത്തു സംഘര്‍ഷാവസ്ഥ. വിധി നടപ്പാക്കുന്നതിനെതിരേ നാമജപ യജ്ഞവുമായി വിശ്വാസികളും ഭാരവാഹികളും അണിനിരന്നു.
വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് കോടതിവിധി നടപ്പാക്കാനെത്തിയത്. തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ പാതാപറമ്പ് ക്ഷേത്രത്തിലായിരുന്നു രാവിലെ 11ഓടെ തര്‍ക്കം. വിശ്വാസികള്‍ പ്രതിരോധം തീര്‍ത്തതോടെ പ്രദേശം സംഘര്‍ഷാന്തരീക്ഷമായി. കളക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ കെ.ആര്. മനോജും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സ്ഥലത്തെത്തി.
സംഘര്‍ഷാവസ്ഥ മന്ത്രി പി. പ്രസാദിന്റെയും കളക്ടര്‍ അലക്സ് വര്‍ഗീസിന്റെയും ശ്രദ്ധയില്‍പ്പെ ടുത്തി ഇടപെടലുണ്ടായതോടെയാണ് ഉത്തരവ് നടപ്പാക്കുന്നതു താത്കാലികമായി നിര്‍ത്തിവച്ചത്. അടുത്തദിവസം തന്നെ പ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതേത്തുടര്‍ന്ന് തഹസില്‍ദാര്‍ കെ.ആര്. മനോജും എഎസ്പി ഹരീഷ് ജയിനും പൊതുപ്രവര്‍ത്തകരും അനുനയ നീക്കങ്ങള്‍ നടത്തി. വിശ്വാസികള്‍ നടത്തിയിരുന്ന നാമജപയജ്ഞം അവസാനിപ്പിച്ചു.
വർഷങ്ങളായി തുടരുന്ന തര്‍ക്കം അടുത്തിടെയാണ് കുടുതൽ സങ്കീര്‍ണമായത്. 500 വർഷം പഴക്കമുള്ളതെന്ന് അവകാശപ്പെടുന്ന ക്ഷേത്രത്തിലെ 30 സെന്റ് സ്ഥലം 1925ൽ അന്നത്തെ ക്ഷേത്രം ഭാരവാഹികൾ സ്വകാര്യവ്യക്തിക്കു പണയാധാരം നൽകിയത് പിന്നീട് ഇവർ സ്വന്തമാക്കുകയായിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആരോപിക്കുന്നു. തര്‍ക്ക വസ്തുവില്‍ ക്ഷേത്രത്തിന്റെ വിവിധ മൂര്‍ത്തികളുടെ പ്രതിഷ്ഠകളും ഉണ്ട്.
ഈ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി സ്വകാര്യവ്യക്തി കോടതിയെ സമീപിക്കുകയും കോടതി അവര്‍ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇതിനെ ത്തുടർന്ന് വിധി നടപ്പിലാക്കി കിട്ടുവാൻ ഇവര്‍ വീണ്ടും കോടതിയെ സമീപിക്കുകയും പോലീസിന്റെ സഹായത്തോടെ വിധി നടപ്പാക്കാന്‍ കോടതി ഉത്തരാവുകയും ചെയ്തു. എന്നാല്‍, ഇന്നലെ കോടതി വിധി നടപ്പിലാക്കുവാൻ എത്തിയപ്പോഴാണ് പ്രതിഷേധവുമായി പ്രദേശവാസികളും ഭക്തജനങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളും ചേർന്ന് നാമജപ സമരം ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികളുമായി രംഗത്തെത്തിയത്.
അതേസമയം, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ധീവരസഭ താലൂക്ക് സെക്രട്ടറി സുരേഷ് കരിയില്‍, ശാഖാ സെക്രട്ടറി പവിതന്‍, ദേവസ്വം പ്രസിഡന്റ് കെ. കമലോത്സഭവന് എന്നിവര്‍ പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി ബിമല്‍റോയ്, നേതാക്കളായ സാംജു സന്തോഷ്, യമുന, പഞ്ചായത്തംഗങ്ങളായ ജയാമണി, വി.പി. ബിനു, ടി.ടി. സാജു, ബിജെപി മണ്ഡലം സെക്രട്ടറി രാഗ്വിന്ചന്ദ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.