കൊടി ഊരിയതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു
1509994
Friday, January 31, 2025 11:43 PM IST
അമ്പലപ്പുഴ: ഗാന്ധി സ്മരണയുമായി ബന്ധപ്പെട്ടു സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് നടത്തിയ പരിപാടിയിൽ കോൺഗ്രസ്, ലീഗ് ബന്ധമുള്ള ചിലർ കൊടി ഊരിയതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മണ്ഡലം കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാനെത്തിയ പോലീസിനുനേരെയും കൈയേറ്റം നടന്നു.
പരിക്കേറ്റ പുന്നപ്ര ഇൻസ്പെക്ടർ ടി.എൽ. സ്റ്റെപ്റ്റോ ജോൺ (47), സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരികൃഷ്ണൻ (40), അക്രമം തടയാൻ ശ്രമിച്ച എഐവൈഎഫ് മണ്ഡലം സെക്രട്ടി ജി. സുബിഷ് (38) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സനേടി.
ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ- അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി. മോഹൻദാസ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം മണ്ഡലം അസി. സെക്രട്ടറി സി. വാമദേവ് അധ്യക്ഷത വഹിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അൻസാർ കളത്തിൽവീട് വണ്ടാനം, നിയാസ് അഞ്ചിൽവെളി പുന്നപ്ര എന്നിവരെ പുന്നപ്ര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.