ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് നടത്തി
1509988
Friday, January 31, 2025 11:43 PM IST
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം എ. സൈഫുദീന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ പരിഗണിച്ച അഞ്ചു പരാതികളില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. പുന്നപ്ര വില്ലേജിലെ പോളക്കുളം സ്വദേശികളുടെ വസ്തുകരം അടയ്ക്കാനാവുന്നില്ല എന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ സിറ്റിംഗില്‍ ഹാജരായി കരം അടച്ചതായി അറിയിച്ചു.
പുറക്കാട് സ്വദേശിയുടെ മറ്റൊരു പരാതിയില്‍ പോലീസ് എഫ്ഐആര്‍ ഇട്ട് തുടര്‍ നടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കമ്മീഷന് നടപടികള്‍ അവസാനിപ്പിച്ചു. കായംകുളം സ്വദേശിയുടെ സാമ്പത്തികതട്ടിപ്പ് സംബന്ധിച്ച പരാതിയിലും പോലീസ് തലത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കമ്മീഷന് ഇടപെടല്‍ താത്കാലികമായി അവസാനിപ്പിച്ചു.
ചികിത്സാപ്പിഴവ് സംബന്ധിച്ച് ആലപ്പുഴ സ്വദേശി നല്കിയ മറ്റൊരു പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സിറ്റിംഗില്‍ ഹാജരായി സമര്‍പ്പിച്ചെങ്കിലും അപൂര്ണമായതിനാല് തൊട്ടടുത്തദിവസം പൂര്‍ണ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. പരാതിക്കാരന്റെ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധരെ അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പരാതി അടക്കം രണ്ടു പരാതികള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി.