ബജറ്റ്: പ്രതീക്ഷയോടെ നെല്‍കര്‍ഷകര്‍
1510000
Friday, January 31, 2025 11:43 PM IST
എടത്വ: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കേ പ്രതീക്ഷയോടെ നെല്‍കര്‍ഷകര്‍. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. നെല്ലറയുടെ നാടായ കുട്ടനാട്ടില്‍ നെല്ലിന് താങ്ങുവില വര്‍ധിപ്പിച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മിനിമം താങ്ങുവില കുറച്ചതോടെ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയം ഉറപ്പിച്ച മോദി സര്‍ക്കാര്‍ കിതച്ചാണ് മൂന്നാം മന്ത്രിസഭ രൂപീകരിച്ചത്. ഇതോടെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ മിനിമം താങ്ങുവില അല്പം വര്‍ധിപ്പിച്ചിരുന്നു.
പ്രതീക്ഷിച്ച നേട്ടം
രാജ്യത്ത് കര്‍ഷക പ്രതിഷേധം വ്യാപിച്ചതോടെയാണ് താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. താങ്ങുവില വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് അല്പം ആശ്വാസം നല്‍കിയെങ്കിലും കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് പ്രതീഷിച്ച നേട്ടം കൈവരിച്ചിരുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ 1.40 രൂപ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് മരവിപ്പിച്ചാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. വര്‍ഷങ്ങളായി കിലോയ്ക്ക് 28.20 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. ഇക്കുറി നെല്ലിന്റെ താങ്ങുവില 35 രൂപ ആക്കി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര വിഹിതം അതത് കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ വിളനാശം സര്‍വസാധാരണമാണ്.
മതിയായ വില
വെള്ളപ്പൊക്കവും വരള്‍ച്ച സമയത്ത് ഉപ്പുവെള്ളം കയറുന്നതും കൃഷിക്ക് വിഘാതമായി തീരുന്നു. നെല്‍കൃഷിയിലെ കീടോപദ്രവവും കൃഷിനാശത്തിന് ആക്കം കൂട്ടുന്നുണ്ട്. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കണമെന്നും സമയബന്ധിതമായി കൊടുത്തുതീർക്കണമെന്നും രാസവളങ്ങളും കീടനാശിനികളും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
കൃഷിച്ചെലവുകള്‍ ഗണ്യമായി വര്‍ധിക്കുകയും ഉത്പന്നത്തിന് മതിയായ വില ലഭിക്കാതെ വരുന്ന പശ്ചാതലത്തില്‍ ഓരോ സീസണിലും കൃഷിയുടെ വ്യാപ്തി കുറഞ്ഞു വരുകയാണ്. ഫാക്ടം ഫോസ്, യൂറിയ, പൊട്ടാഷ് എന്നീ രാസളങ്ങളുടെ വില വര്‍ധന കൃഷി സീസണില്‍ കര്‍ഷകരെ നട്ടം തിരിക്കുകയാണ്. കൂടാതെ കീടനാശിനികളുടെ വിലയും ക്രമാതീതമായി കമ്പനികള്‍ ഉയര്‍ത്തുകയാണ്. വളങ്ങള്‍ക്കും കീടനാശികള്‍ക്കും സബ്സിഡി നല്കാന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
സബ്സിഡി ഇനത്തില്‍
വിളവെടുപ്പ് സീസണില്‍ കൊയ്ത്തുമെതിയന്ത്രത്തിന്റെ അഭാവം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. സ്വകാര്യ ഏജന്‍സികള്‍ എത്തിക്കുന്ന യന്ത്രവാടക കര്ഷകന് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പാടശേഖരസമിതികള്ക്കാവശ്യമായ യന്ത്രങ്ങള്‍ എത്തിക്കാനുള്ള നടപടി ആവിഷ്കരിക്കണം. ഇതിനായി സബ്സിഡി ഇനത്തില്‍ യന്ത്രങ്ങള്‍ വാങ്ങാനുള്ള ധനസഹായം കേന്ദ്ര ധനമന്ത്രാലയം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതി പ്രകാരം ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം നല്കുന്ന 6000 രൂപ കഴിഞ്ഞ ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, കര്‍ഷകരുടെ പ്രതീഷ പാളിയിരുന്നു. ഇക്കുറി 9000 രൂപ ആക്കിവര്ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക മേലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇന്ന് ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശാവഹമായ പ്രഖ്യാപനങ്ങള്‍ നടക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ.