പണയ സ്വർണത്തട്ടിപ്പ്: പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ പിടിയിൽ
1509051
Tuesday, January 28, 2025 11:47 PM IST
അന്പലപ്പുഴ: പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടിൽ ഫിനാൻസിയേഴ്സിന്റെ പുറക്കാട് ശാഖയിൽനിന്നു പണയസ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തിൽപരം രൂപ തട്ടിപ്പ് നടത്തിയും കാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ എടുക്കുകയും ചെയ്ത കേസിൽ പുറക്കാട് സ്വദേശികളും ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരികളുമായ പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ തെക്കൻ കണിച്ചുകുളങ്ങര അമ്പലത്തിന് തെക്കുവശം ഇല്ല്യാസ്പറമ്പ് ബിന്ദു (48), പുറക്കാട് പഞ്ചായത്ത് 15-ാം വാർഡ് അണ്ണായിമഠം സ്കൂളിന് സമീപം കാരിക്കാപ്പറമ്പ് വീസുൽഫിയാ ഹസൻ (37), അയൽവാസിയും സഹായിയുമായ പുറക്കാട് 15-ാം വാർഡ് മൂരിപ്പാറ മായ (44) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ന്റെ നേതൃത്വത്തിൽ അന്വേഷണസംഘം പിടികൂടിയത്.
മുളമൂട്ടിൽ ഫിനാൻസിയേഴ്സിൽ ജീവനക്കാരായ പ്രതികളും സുഹൃത്തും സഹായിയുമായ മായയുടെ സഹായത്താൽ പലരുടെ പേരിലായി 23 പവനോളം സ്വർണം പലപ്പോഴായി പണയം വച്ച് 14 ലക്ഷത്തോളം രൂപ എടുത്തശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം പിന്നീട് എടുത്ത് വിൽക്കുകയും തിരിമറി നടത്തുകയും ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
എല്ലാ മാസവും 15 ദിവസം കഴിയുമ്പോൾ ഓഡിറ്റ് നടത്തുന്ന ബാങ്കിൽ ജനുവരി 11ന് നടത്തിയ ഓഡിറ്റിൽ സീൽ ചെയ്തു സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നു 9 പാക്കറ്റ് സ്വർണമാണ് പ്രതികൾ ചേർന്ന് ലോക്കറിൽ നിന്നു എടുത്തു തിരിമറി നടത്തിയത്. ജനുവരി 22ന് സർപ്രൈസ് ഓഡിറ്റിന് ഓഡിറ്ററും അപ്രൈസറും എത്തിയ സമയം ബാങ്കിന്റെ ചാർജ് ഉണ്ടായിരുന്ന ഒന്നാം പ്രതി ലോക്കറിന്റെ താക്കോൽ നൽകാതെ മുങ്ങുകയായിരുന്നു. ആ സമയത്ത് പണമിടപാട് സ്ഥാപനത്തിലെത്തിയ ഓഡിറ്റർക്ക് ആദ്യം സംശയമൊന്നും തോന്നാഞ്ഞത് കാരണം ആദ്യം പരാതി ഒന്നും നൽകിയില്ല.
തുടർന്ന് ഒന്നാം പ്രതിയായ ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൻമേൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് സംശയം തോന്നിയ ജീവനക്കാർ സ്വർണ പണയം പരിശോധിക്കുകയും സ്വർണ പാക്കറ്റിന്റെ അളവിൽ കുറവ് കണ്ടെത്തുകയും കൂടാതെ കാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപയും കാണാതാവുകയുമായിരുന്നു.
തുടർന്നാണ് തട്ടിപ്പ് സംബന്ധിച്ചു പരാതി അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ നൽകിയത്. തുടർന്ന് പോലസ് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതി ബിന്ദുവിന്റെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചതിൽ പുറക്കാട് ഭാഗത്തുതന്നെ കാണപ്പെട്ടു. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കൊട്ടാരക്കര ജയിലിലടച്ചു. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ മധു വി, ഷാജി എ.എൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് കുമാർ, വിഷ്ണു ജി, ജോസഫ് ജോയ് വി, വനിതാ സിവിൽ പോലീസ് ഓഫീസർ ഗാർഗി. എം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.