കൂലിവര്‍ധന: നെല്‍കൃഷിയെ തകര്‍ക്കും
1509992
Friday, January 31, 2025 11:43 PM IST
മങ്കൊമ്പ്: കാര്‍ഷിക മേഖലയിലെ കൂലി വര്‍ധിപ്പിച്ചുള്ള ഐആര്‍സി തീരുമാനം നെല്‍കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് നെല്‍കര്‍ഷക സംരക്ഷണസമിതി. ക ഴിഞ്ഞ നാലുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച എംഎസ്പിയുടെ ആനുകൂല്യമായ രൂപ 4.32 തടഞ്ഞുവയ്ക്കുകയും സംസ്ഥാനം ആനുപാതികമായി നെല്‍വില ഉയര്‍ത്താതിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ നെല്‍കര്‍ഷകര്‍ക്ക് 28 രൂപ 20 പൈസയാണ് നെല്വലിയായി ലഭ്യമാകുന്നത്.
നാലുവര്‍ഷത്തിനുള്ളില്‍ നെല്‍കൃഷി ഉത്പാദന മേഖലയില്‍ വിത്തു മുതല്‍ കൊയ്ത്തു മെഷീന്റെ വാടകയില്‍ വരെ ചെലവ് വര്‍ധിച്ചിട്ടും നെല്‍വില ഉയര്‍ത്താത്തതുമൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പുതിയ കൂലി വര്‍ധനവോടെ, ഒരേക്കറിലെ ഉത്പാദനച്ചെലവ് 1200 രൂപയില്‍ അധികം വര്‍ധിക്കും. കൂടാതെ കളങ്ങളില്‍നിന്ന് നെല്ലുവാരി ചാക്കില്‍ നിറച്ച് തുന്നി ചുമന്ന് വള്ളത്തില്‍ കയറ്റി ലോറിയില്‍ അട്ടിവയ്ക്കുന്ന സ്ഥലങ്ങളില്‍ ക്വിന്റലിന് ശരാശരി 25 രൂപയുടെ ചെലവ് വര്‍ധന ഉണ്ടാവും. ഏക്കറിന് ശരാശരി 20 ക്വിന്റല്‍ നെല്ലുത്പാദനമാണെങ്കില്, ഒരു ക്വിന്റല്‍ നെല്ലിന് അധികമായി കര്‍ഷകര്‍ 85 രൂപയോളം ചെലവഴിക്കേണ്ടി വരും. നിലവിലെ നെല്വിരിയായ 2820 രൂപയില്‍ നിന്ന് 85 രൂപ കുറവ് ചെയ്യുമ്പോള്‍, വിലയായി 2735 രൂപയായിരിക്കും ഫലത്തില്‍ ലഭിക്കുക.
നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന നെല്‍വില പോലും ലഭ്യമാകാത്ത ദുരവസ്ഥയാണ് കേരളത്തിലെ നെല്‍കര്‍ഷകര്‍ നേരിടേണ്ടിവരുന്നത്. ഇത് തീര്‍ത്തും കര്‍ഷക വിരുദ്ധമായ നിലപാടാണ്. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ഉറപ്പുവരുത്തുന്നതോടൊപ്പം നെല്വിലെ കൂടി ന്യായമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് നെല്‍കര്‍ഷക സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സമിതിയുടെ നേതൃത്വത്തില്‍ ആറിന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.