ഗുജറാത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞ ദമ്പതികളുടെ സംസ്കാരം ഇന്ന്
1493956
Thursday, January 9, 2025 11:01 PM IST
തുറവൂർ: കഴിഞ്ഞ ദിവസം ഗുജറാത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞ തുറവൂർ സ്വദേശികളായ ദമ്പതികളുടെ സംസ്കാരം ഇന്ന് നടക്കും.തുറവൂർ പഞ്ചായത്ത് 4-ാം വാർഡ് ഓലിക്കരഇല്ലത്ത് വാസുദേവൻ മൂസതും (വേണു) ഭാര്യ യാമിനിയുമാണ് ഗുജറാത്തിൽ ദ്വാരകക്കടുത്ത് മിട്ടാപ്പൂരിൽ വാഹനാപകടത്തിൽ മരിച്ചത്.
ഇന്നലെ രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തുറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഡൽഹിയിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം റിട്ടയർമെന്റിനു ശേഷം രണ്ടുവർഷമായി പുതിയ വീട് പണികഴിപ്പിച്ച് തുറവൂരിൽ കുടുംബത്തിൽ താമസിക്കുകയായിരുന്നു. ഏകമകൾ അമേരിക്കയിലുള്ള
സ്വാതിയും ഭർത്താവ് ഹിമാൻഷൂവും നാട്ടിൽ വന്നതിനുശേഷം തിരികെ അമേരിക്കയിലേക്കു പോകുന്നതിന് യാത്രയാക്കാൻ ഡൽഹിയിൽ പോയ ശേഷം തിരികെ നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചത്.