സ്ഥലംമാറ്റ ഉത്തരവുമായി ഹെഡ്ക്ലാർക്ക് വന്നപ്പോൾ തസ്തികയേ ഇല്ല !
1494233
Saturday, January 11, 2025 12:21 AM IST
കോഴഞ്ചേരി: ഇല്ലത്തുനിന്ന് ഇറങ്ങി; അമ്മാത്ത് ഒട്ട് എത്തിയതും ഇല്ല... എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന തരത്തിലാണ് തദ്ദേശ വകുപ്പിലെ ഹെഡ് ക്ലാർക്ക് എസ്. സ്മിതാ മോളുടെ അവസ്ഥ.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്ക് ആയിരുന്ന ഇവരെ കോയിപ്രം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് കഴിഞ്ഞ നാലിന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങിയിരുന്നു.
എന്നാല്‍ കോയിപ്രം ഗ്രാമപഞ്ചായത്തില്‍ ഈ തസ്തികയില്‍ ഒഴിവില്ലെന്നു മനസിലാക്കിയ സ്മിതമോള്‍ ഈ വിവരം വകുപ്പിനെ അറിയിച്ചിരുന്നു, കൂടാതെ വിടുതല്‍ ചെയ്തിരുന്നുമില്ല. എന്നാല്‍ ഇന്നലെ തോട്ടപ്പുഴശേരിയിലെ തന്റെ തസ്തികയിൽ മറ്റൊരാള്‍ എത്തിയതിനെത്തുടര്‍ന്ന് വിടുതല്‍ ഉത്തരവ് വാങ്ങി കോയിപ്രത്ത് എത്തിയെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഹെഡ് ക്ലാർക്ക് തസ്തികയിൽ ഒഴിവില്ലെന്നതുതന്നെ കാരണം. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ കസേരയിട്ട് ഇരുന്നു.
കോയിപ്രം ഗ്രാമപഞ്ചായത്തില്‍ സ്മിതാമോളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് ഹെഡ്ക്ലാര്‍ക്ക് തസ്തികയില്‍ നിലവില്‍ ഒഴിവില്ല എന്നു കാണിച്ച് കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയംഭരണവകുപ്പിന്റെ പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ക്ക് കത്ത് നൽകിയിരുന്നു.
തന്നെ രാഷ്ട്രീയ പ്രേരിതമായിട്ടാണ് സ്ഥലംമാറ്റിയതെന്നും ഇതിനുപിന്നില്‍ എന്‍ജിഒ യൂണിയന് ആണെന്നും സ്മിതമോള്‍ ആരോപിച്ചു. തനിക്ക് ഇന്നലെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ സർവീസില്‍ ബ്രേക്ക് ഉണ്ടാകുമെന്നും ഇതിനെതിരായി നിയമനടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയാണെന്നും സ്മിതാ മോള് പറഞ്ഞു.
തിരുവല്ല പൊടിയാടി സ്വദേശിയായ തന്നെ നെടുമ്പ്രം പഞ്ചായത്തിലേക്ക് സ്ഥലംമാറ്റണമെന്ന അഭ്യർഥനയും അധികൃതര്‍ പരിഗണിച്ചിരുന്നില്ല. ജോലി ചെയ്യാന്‍ തസ്തികയില്ലാത്ത തന്റെ അസ്ഥ ചൂണ്ടിക്കാട്ടി വകുപ്പു മന്ത്രി എം. ബി. രാജേഷിന് പരാതി നല്‍കുമെന്ന് സ്മിതാ മോള് പറഞ്ഞു.