കാടുമൂടി കൊല്ലം-തേനി ദേശീയപാതയും കനാൽ റോഡുകളും
1493944
Thursday, January 9, 2025 11:01 PM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിലും കെഐപി കനാൽ റോഡുകളിലും കാടുകൾ വളർന്നുനിൽക്കുന്നത് അപകടക്കെണിയായി മാറുന്നു. ചാരുംമൂട്, ചുനക്കര ഭാഗങ്ങളിൽ റോഡിന് ഇരുവശത്തും പുൽച്ചെടികൾ റോഡിലേക്കു വളർന്നുനിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്.
കഴിഞ്ഞദിവസം ചുനക്കര മാർത്തോമ പള്ളിക്കു സമീപമുള്ള വളവിൽ ബൈക്കുകാരനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചത് അപകടത്തിനിടയാക്കി. നിയന്ത്രണംവിട്ട കാർ റോഡുവശത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറി. കാറിലെ യാത്രക്കാരും ബൈക്കിലെ യാത്രക്കാരും ഭാഗ്യം കൊണ്ടാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
അപകടങ്ങൾ പതിവ്
കെഐപി കനാൽ റോഡുകളുടെ ഇരുവശങ്ങളിലും പാഴ്ച്ചെടികൾ വളർന്ന് റോഡു കാണാൻപറ്റാത്ത അവസ്ഥയിലാണ്. കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളിൽ അറവുമാലിന്യവും ഹോട്ടൽ മാലിന്യവും വൻതോതിൽ നിക്ഷേപിക്കുന്നതു കാരണം കനാൽ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർക്ക് ദുർഗന്ധം മൂലം മൂക്കുപൊത്തേണ്ട അവസ്ഥയാണ്.
ആശുപത്രി മാലിന്യവും കനാൽ റോഡുകളിലും കനാലിനുള്ളിലും തള്ളുന്നതു പതിവാണ്. കെ.പി. റോഡിന് സമാന്തരമായുള്ള പാതയാണ് കനാൽ റോഡുകൾ.
പാലമേൽ, നൂറനാട്, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിൽക്കൂടിയാണ് കെഐപി കനാൽ കടന്നുപോകുന്നത്. മാലിന്യം അഴുകി ദുർഗന്ധം വമിച്ചാലും ഇതിനെതിരേ പഞ്ചായത്തുകളോ ആരോഗ്യവകുപ്പോ നടപടിയെടുക്കുന്നില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.