പരുമല പമ്പാ ഫെസ്റ്റ് 16നും 17നും
1494235
Saturday, January 11, 2025 12:21 AM IST
മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാ കോളജിന്റെ ആഭിമുഖ്യത്തിലുള്ള പമ്പാ ഫെസ്റ്റ് 16നും 17നും നടക്കും. 16ന് രാവിലെ 10ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. കോളജിലെ വിവിധ വകുപ്പുകളും ഇതര സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന വിഭവങ്ങൾ മേളയിൽ അണിനിരക്കും.
ഐഎസ്ആർഒ ഒരുക്കുന്ന നാഷണൽ സ്പേസ് എക്സിബിഷൻ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഒരുക്കുന്ന വാനനിരീക്ഷണം, ഫിസിക്സ് വിഭാഗം സംഘടിപ്പിക്കുന്ന ഗലീലിയോ സയൻസ് സെന്റർ എക്സിബിഷൻ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ മെഡിഫെസ്റ്റ്, മാവേലിക്കര ഹോർട്ടികോർപ്പ് ഒരുക്കുന്ന തേനീച്ചവളർത്തൽ പരിശീലനം എന്നിവ അരങ്ങിലേറും. ബോഡി ഷോ മത്സരമായ മിസ്റ്റർ പമ്പാ കോംപറ്റീഷൻ, വിർച്വൽ റിയാലിറ്റി ഷോ, മിക്കി പെറ്റ്സ് അവതരിപ്പിക്കുന്ന ഗ്ലോബൽ പെറ്റ് ഷോ എന്നിവയ്ക്കൊപ്പം ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിക്കുന്ന ത്രസിപ്പിക്കുന്ന ഗോസ്റ്റ് ഹൗസ് ഹൊറർ ഷോയ്ക്കും കോളജ് ഈ ദിവസങ്ങളിൽ വേദിയാകും.
ഇവയ്ക്കുപുറമേ കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ് വിഭാഗങ്ങൾ ഒരുക്കുന്ന ശാസ്ത്ര, ഗണിത പ്രദർശനങ്ങളും കൊമേഴ്സ്, ഇക്കണോമിക്സ് വിഭാഗങ്ങൾ അവതരിപ്പിക്കുന്ന എക്സിബിഷനുകളും മേളയ്ക്ക് മാറ്റുകൂട്ടും. ഫയർ ഫോഴ്സ്, കരുണ ആർട്ട് ഗാലറി, വികാസ് സ്പെഷൽ സ്കൂൾ എന്നിവരുടെ എക്സിബിഷനുകൾക്കൊപ്പം, ട്രഷർ ഹണ്ട് ഉൾപ്പെടെ വിവിധ തത്സമയ മത്സരങ്ങൾ, ശിവഭദ്ര കലാസമിതി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി ഉൾപ്പെടെയുള്ള കലാപരിപാടികൾ, കബഡി, ഫുട്ബോൾ എന്നിവയുൾപ്പെട്ട കായികമേള എന്നിവയും ഈ ദിവസങ്ങളിൽ കോളജ് കാമ്പസിൽ നടത്തപ്പെടും.
കോളജ് എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന തുടി നാടൻപാട്ടു മത്സരത്തോടൊപ്പം ഇതൾ ഫോക്ക് ബാൻഡ്, കൊച്ചി ബദ് ലാവ് മ്യൂസിക്ക് ബാൻഡ് എന്നിവർ ഒരുക്കുന്ന സംഗീതനിശയും അരങ്ങിലേറും. പ്രിൻസിപ്പൽ എസ്. ശ്രീകല, ജനറൽ കൺവീനർ ഡോ. എൻ. അഭിലാഷ്, പ്രോഗ്രാം കൺവീനർ ഡോ. രതീഷ് കണ്ണംപടവിൽ, എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. എം.എസ് ഉണ്ണി, ഓഫീസ് സൂപ്രണ്ട് സന്തോഷ് കുമാർ, ടി.പി. പ്രബീഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.